പെട്രോളിനും ഡീസലിനും അധിക നികുതി ; ജനങ്ങളെ ബാധിക്കില്ലെന്ന് എം ടി രമേശ്

കൊച്ചി: ഇന്നലെ കേന്ദ്ര ധനമന്ത്രി നിര്‍മലാസീതാരാമന്‍ അവതരിപ്പിച്ച രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പെട്രോളിനും ഡീസലിനും അധിക നികുതിയും സെസും ഏര്‍പ്പെടുത്തിയത് ജനങ്ങളെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഇലക്ട്രോണിക് വാഹന മേഖലയ്ക്ക് പ്രോത്സാഹനം നല്‍കി രാജ്യത്ത് ഇന്ധന ഉപഭോഗം കുറയ്ക്കുക എന്നതാണ് കേന്ദ്രനയമെന്നും രമേശ് പറഞ്ഞു.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോളിനും ഡീസലിനും വില കുറയുമെന്നതു കൂടി മുന്നില്‍ക്കണ്ടാണ് അധികനികുതി ഏര്‍പ്പെടുത്തിയതെന്നും നികുതി വര്‍ധിപ്പിച്ചത് ജനങ്ങള്‍ക്ക് അധികഭാരമാകുമെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. ഇപ്രാവശ്യം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോളിനും ഡീസലിനും വില കുറയുമെന്നാണ് സാമ്പത്തിക സര്‍വേ പറയുന്നത്. അതിനാല്‍ നികുതി വര്‍ധന ഉണ്ടെങ്കിലും ഇന്ധനവില കുറയുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും രമേശ് വ്യക്തമാക്കി.

ഇന്ധന എക്‌സൈസ് തീരുവ, റോഡ് സെസ് ഇനങ്ങളില്‍ ഓരോ രൂപയുടെ വര്‍ധനയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും ഇന്ന് കൂടി. ബജറ്റില്‍ ചുമത്തിയ അധിക നികുതിക്കു മുകളില്‍ സംസ്ഥാന നികുതി കൂടി വരുന്നതിനാലാണ് ഈ വില വര്‍ധന. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി.

Top