അബുദാബി: യുഎഇയിൽ ഇന്ധനവില ഉയർന്നു. പുതിയ നിരക്കുകൾ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ധനവില നിർണയ സമിതിയാണ് ഒക്ടോബർ മാസത്തേക്കുള്ള പുതിയ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചത്.
സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.44 ദിർഹമാണ് പുതിയ വില. സെപ്തംബറിൽ ഇത് 3.42 ദിർഹം ആയിരുന്നു. സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.33 ദിർഹമാണ് പുതിയ നിരക്ക്. 3.31 ദിർഹമായിരുന്നു സെപ്തംബറിൽ. ഇ പ്ലസ് 91 പെട്രോളിന് ഒക്ടോബർ മുതൽ 3.26 ദിർഹമാണ് വില. 3.23 ദിർഹമായിരുന്നു സെപ്തംബറിൽ. ഡീസലിന് 3.57 ദിർഹമാണ് പുതിയ നിരക്ക്. സെപ്തംബർ മാസത്തിൽ ഇത് 3.40 ദിർഹമായിരുന്നു. പെട്രോളിന് ലിറ്ററിന് രണ്ട് ഫിൽസും ഡീസലിന് 17 ഫിൽസുമാണ് കൂടിയത്.
അതേസമയം വിവിധ നിയമലംഘനങ്ങൾ നടത്തിയ 36 വാഹനങ്ങൾ ദുബൈ പൊലീസ് ട്രാഫിക് പട്രോളിങ് വിഭാഗം പിടിച്ചെടുത്തു. രണ്ടു ദിവസങ്ങളിലായാണ് ഇത്രയും വാഹനങ്ങൾ പിടിച്ചെടുത്തത്. സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അപായപ്പെടുത്തുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിക്കുക, വാഹനത്തിന്റെ എഞ്ചിനിലോ രൂപത്തിലോ മാറ്റം വരുത്തുക, താമസക്കാരെ ശല്യപ്പെടുത്തുക, അവ്യക്തമായ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുക, പൊതു റോഡുകളിൽ മാലിന്യം തള്ളുക എന്നീ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.