തിരുവനന്തപുരം: എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധനവില വര്‍ധനവിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രം നികുതി കുറച്ചാലും കേരളം വാറ്റ് കൂട്ടില്ല. പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ ധനമന്ത്രാലയത്തിന് താല്‍പര്യവുമില്ലെന്നും നികുതി കുറയുമെന്ന ആശങ്കയാണ് ധനമന്ത്രാലയത്തിനെന്നും തോമസ് ഐസക് വ്യക്തമാക്കി.
ഇന്ന് ഡീസലിന് ലിറ്ററിന് 32 പൈസയും പെട്രോള്‍ ലിറ്ററിന് 25 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 87 രൂപ 19 പൈസയും ഡീസല്‍ വില 80 രൂപ 43 പൈസയായി. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 85.78 രൂപയും ഡീസലിന് 79 രൂപ 11 പൈസയുമാണ് വില. കോഴിക്കോട് പെട്രോളിന് 86.03 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 79.37 രൂപയായി.
കോഴിക്കോട് നഗരത്തില്‍ ബസ് സര്‍വ്വീസുകള്‍ പലതും നിര്‍ത്തി. ചരക്കു ലോറികളുടെ വാടക വര്‍ദ്ധിക്കാതെ നിവര്‍ത്തിയില്ലെന്ന് ഉടമകള്‍ അറിയിച്ചു.