പെട്രോള്‍ വില കുതിച്ചുയരുന്നു, മൂന്നുവര്‍ഷത്തെ ഏറ്റവുമുയര്‍ന്ന നിരക്കില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു.

ദിവസേനയുള്ള നിരക്ക് മാറ്റം നിലവില്‍ വന്ന ശേഷമാണ് ഈ വര്‍ദ്ധനവ്. മൂന്നുവര്‍ഷത്തിനിടെ ഏറ്റവുമുയര്‍ന്ന നിരക്കാണ് കഴിഞ്ഞദിവസം പെട്രോളിന് ഈടാക്കിയത്. പുതിയ വിലനിര്‍ണയ സംവിധാനം നിലവില്‍ വന്ന ജൂലൈ മുതല്‍ പെട്രോളിന് ആറുരൂപയും ഡീസലിന് 3.67 രൂപയും വര്‍ധിച്ചു.

ഡല്‍ഹിയില്‍ പെട്രോളിന് 69.04 രൂപയാണ് കഴിഞ്ഞദിവസം ഈടാക്കിയത്. ചിലയിടങ്ങളില്‍ ഇത് 70 ഉം 71ഉം ഒക്കെയാകും. 2014 ഓഗസ്റ്റ് പകുതിക്കുശേഷമുള്ള ഏറ്റവുമുയര്‍ന്ന നിരക്കാണിത്. ഡീസലിന് ഈടാക്കിയ 57.30 കഴിഞ്ഞ നാലുമാസത്തിനിടെയുള്ള ഏറ്റവുമുയര്‍ന്ന നിരക്കാണ്.

വില കുറയുമെന്നും അന്തര്‍ദേശീയ വിപണിയിലെ ഏറ്റക്കുറച്ചിലുകളുടെ ഫലം അതത് ദിവസംതന്നെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും വ്യക്തമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ എല്ലാ ദിവസവും നിരക്ക് നിശ്ചയിക്കുന്ന സംവിധാനം നടപ്പാക്കിയത്.

Top