ന്യൂഡൽഹി: ഞായറാഴ്ചകളിൽ പെട്രോൾ അടച്ചിടരുതെന്ന് പെട്രോളിയം മന്ത്രാലയം. ഇത്തരം നീക്കം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ആഴ്ചയിൽ ഒരു ദിവസം പെട്രോൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോടാണ് അഭ്യർഥിച്ചത്. അതല്ലാതെ ഞായറാഴ്ചകളിൽ പമ്പുകള്‍ അടച്ചിടാനല്ല പറഞ്ഞതെന്നും പെട്രോളിയം മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ പേജിൽ പറഞ്ഞു.
കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ മേയ് 14 മുതല്‍ പമ്പുകള്‍ ഞായറാഴ്ചകളില്‍ 24 മണിക്കൂറും അടച്ചിടാനാണ് പമ്പുടമകൾ തീരുമാനിച്ചിരുന്നത്. ഇന്ധനക്ഷാമം മറികടക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെത്തുടര്ന്നായിരുന്നു ഇത്.
കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സിന്റേതാണു തീരുമാനം. കേരളത്തിനു പുറമേ കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്നാട്, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണു പുതിയ തീരുമാനം നിലവില്‍ വരുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഇ ന്ധന ഉപയോഗം കുറയ്ക്കുക എന്ന മന് കീ ബാത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയാണ് ഈ നീക്കത്തിനു പ്രേരണയായതെന്ന് പമ്പുടമകള്‍ വ്യക്തമാക്കിയിരുന്നു.