ജയില്‍ വകുപ്പിനു കീഴില്‍ പെട്രോള്‍ പമ്പുകളും എത്തുന്നു

സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് ജയില്‍ വകുപ്പുകളില്‍ പെട്രോള്‍ പമ്പുകള്‍ ആരംഭിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി തടവുകാര്‍ ഇനി മുതല്‍ പെട്രോള്‍ പമ്പുകളില്‍ ജോലി ചെയ്യുകയും ശമ്പളം കൈപറ്റുകയും ചെയ്യും.

ഓരോ പെട്രോള്‍ പമ്പുകളിലും ജയിലിലെ നല്ല നടപ്പുകാരായ 15 അന്തേവാസികളെ നിയമിക്കും. തിരുവനന്തപുരം, വിയൂര്‍, ചീമേനി ജയിലുകളുടെ ഔട്ട്ലെറ്റുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

ജയില്‍ വളപ്പില്‍ നാല് പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 9.5 കോടി രൂപ മുതല്‍മുടക്കുന്നു. പെട്രോളിയം ഔട്ട്ലെറ്റ് സ്ഥാപിക്കുന്നതിന് ജയില്‍ വകുപ്പിന്റെ വിഹിതം 30 ലക്ഷം രൂപയാണ്. നിലവില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മൂന്ന് ഔട്ട്‌ലെറ്റുകള്‍ക്ക് പുറമെ കണ്ണൂര്‍ ജയിലിലും ഇത് ആരംഭിക്കും.

30 വര്‍ഷത്തേക്കാണ് ഈ സ്ഥലം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് പാട്ടത്തിന് നല്‍കിയിരിക്കുന്നത്. തടവുകാര്‍ ഇവിടെ ജോലി ചെയ്യുന്നതിനായി IOC -യുടെ പെട്രോള്‍ പമ്പില്‍ പരിശീലനം നേടിയിട്ടുണ്ട്. യൂണിഫോമും അവര്‍ വിതരണം ചെയ്യും.

തിരുവനന്തപുരത്ത് 25 സെന്റും കണ്ണൂരില്‍ 39 സെന്റും വിയൂരില്‍ 25 സെന്റും ചീമേനി ഓപ്പണ്‍ ജയിലില്‍ 25 സെന്റും പെട്രോള്‍ പമ്പുകള്‍ക്കായി അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ സര്‍ക്കാരിന് പ്രതിമാസം 5.9 ലക്ഷം രൂപ വാടകയായി ലഭിക്കും. ഭാവിയില്‍ സിഎന്‍ജിയും ഇലക്ട്രിക്കല്‍ ചാര്‍ജിംഗ് സ്റ്റേഷനും സ്ഥാപിച്ച് പദ്ധതി വിപുലീകരിക്കാനും പദ്ധതിയിടുന്നു.

Top