ഇന്ന് രാത്രി മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

സംസ്ഥാനത്ത് ഇന്നു രാത്രി 8 മുതല്‍ നാളെ രാവിലെ 6 വരെ പെട്രോള്‍ പമ്പുകള്‍ തുറക്കില്ല. കെഎസ്ആര്‍ടിസി, സപ്ലൈകോ പമ്പുകള്‍ തുറക്കും. പമ്പുകള്‍ക്കു നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രൈഡേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ മാര്‍ച്ച് മുതല്‍ രാത്രി 10 മണിവരെ മാത്രമേ പമ്പുകള്‍ പ്രവര്‍ത്തിക്കൂ.

പമ്പുകളെ സംരക്ഷിക്കാന്‍ നിയമ നിര്‍മാണം നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം. പമ്പുകളില്‍ ഗുണ്ടാ ആക്രമണവും മോഷണവും പതിവാണെന്ന് സംഘടന പറയുന്നു. പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്‍കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇങ്ങനെ ഇന്ധനം നല്‍കിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് കേന്ദ്ര ഏജന്‍സികളും നിര്‍ദേശിച്ചിട്ടുണ്ട്. രാത്രിയില്‍ കുപ്പികളില്‍ ഇന്ധനം വാങ്ങാനെത്തുന്നവര്‍ പ്രശ്‌നമുണ്ടാക്കുന്നത് പതിവാണെന്ന് സംഘടന പറയുന്നു. ഡിസംബര്‍ 31ന് സംസ്ഥാന വ്യാപകമായി സ്വകാര്യ പെട്രോള്‍ പമ്പുകള്‍ അടച്ച് സൂചനാ സമരം പ്രഖ്യാപിച്ചിരിക്കുന്നു സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യൂവല്‍സ് ഔട്ട്ലെറ്റുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു

തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ട്, വികാസ്ഭവന്‍, കിളിമാനൂര്‍, ചടയമംഗലം, പൊന്‍കുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശൂര്‍, ഗുരുവായൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ യാത്രാ ഫ്യൂവല്‍സ് ഔട്‌ലെറ്റുകളില്‍ പൊതുജനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാമെന്നു കെഎസ്ആര്‍ടിസി അറിയിച്ചു.

Top