മറ്റു രാജ്യങ്ങളില്‍ ഉണ്ടായ വില വര്‍ധനവ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല, വിലക്കയറ്റത്തില്‍ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവില്‍ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി. പാര്‍ലമെന്റിലാണ് മന്ത്രിയുടെ വിശദീകരണം. വിവിധ ലോക രാജ്യങ്ങളില്‍ അനുഭവപ്പെട്ട വില വര്‍ധനവ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി എച്ച്എസ് പുരി ലോക്‌സഭയില്‍ പറഞ്ഞു.

മറ്റ് രാജ്യങ്ങളില്‍ വര്‍ധിച്ച വിലയുടെ പത്തിലൊന്ന് മാത്രമാണ് ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിച്ചത്. 2021 ഏപ്രിലിനും മാര്‍ച്ച് 22നും ഇടയില്‍ ഇന്ധന വില താരതമ്യം ചെയ്യുമ്പോള്‍ യുഎസില്‍ 51%, കാനഡ 52%, ജര്‍മ്മനി 55%, യുകെ 55%, ഫ്രാന്‍സ് 50%, സ്‌പെയിന്‍ 58% എന്നിങ്ങനെയാണ് വര്‍ധനവ്. അതേ സമയം ഇന്ത്യയില്‍ ഇത് അഞ്ച് ശതമാനം മാത്രമാണ്. എച്ച്എസ് പുരി ലോക്‌സഭയില്‍ പറഞ്ഞു.

അതേസമയം രാജ്യത്തെ ദൈനംദിന ഇന്ധന വില വര്‍ദ്ധനവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സഖ്യകക്ഷിയായ ജനതാദള്‍ (യുണൈറ്റഡ്). പെട്രോള്‍ വിലവര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് പാര്‍ട്ടി പ്രിന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി കെ സി ത്യാഗി ആവശ്യപ്പെട്ടു. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ പാചക വാതകമടക്കമുള്ള ഇന്ധനവിലയിലുണ്ടായ വര്‍ധനവ് പിന്‍വലിക്കണമെന്ന് സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുന്നു. പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വിലക്കയറ്റം സര്‍ക്കാര്‍ ഉടന്‍ അവസാനിപ്പിക്കണം.

വിലക്കയറ്റത്തെ കൂടുതല്‍ മോശമായി ബാധിക്കുമെന്നതിനാല്‍ ഇന്ധന വിലവര്‍ധനവുകള്‍ പിന്‍വലിക്കേണ്ടത് വളരെ പ്രധാനമാണ്. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ ആവേശത്തോടെ വിജയിപ്പിക്കാന്‍ സഹായിച്ച വോട്ടറെയും വിലക്കയറ്റം ബാധിക്കുന്നുണ്ടെന്നും ത്യാഗി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഡീസല്‍ വിലയില്‍ 9.20 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്നും പെട്രോളിനും ഡീസലിനും 80 പൈസ വീതം ഇന്നും വര്‍ധിപ്പിച്ചിരുന്നു. നാലരമാസത്തെ ഇടവേളക്ക് ശേഷം മാര്‍ച്ച് 22 മുതലാണ് ഇന്ധനവില വീണ്ടും വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.

ഇന്ധനവില വര്‍ധനവിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ആദ്യമായാണ് ഭരണപക്ഷത്ത് നിന്ന് തന്നെയുള്ള ഒരു കക്ഷ ഇന്ധനവില വര്‍ധനവിനെതിരെ രംഗത്ത് വരുന്നത്. ഇതേസമയം റഷ്യ- യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില വര്‍ധിച്ചതാണ് ഇന്ധനവില വര്‍ധനയ്ക്ക് കാരണമെന്ന് കേന്ദ്രം ന്യായീകരിക്കുന്നു.

Top