ന്യൂഡല്‍ഹി: പി.എഫ് നിക്ഷേപത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയെയാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലാളി സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം.
ഈ വര്‍ഷം ഏപ്രില്‍ ഒന്നിന് ശേഷമുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല. പ്രോവിണ്ടന്റ് ഫണ്ട് നിക്ഷേപത്തിന്റെ 60ശതമാനത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം ഇക്കഴിഞ്ഞ പൊതുബജറ്റിലാണ് അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ചത്.
ഇതിനെതിരെ വിവിധ തൊഴിലാളി സംഘടനനകള്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം ഭാഗികമായി പിന്‍വലിച്ച് കൊണ്ട് പ്രതിഷേധം തണുപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം.
നിലവില്‍ 3.70 കോടി അംഗങ്ങള്‍ പി.എഫിലുണ്ട്. ഇതില്‍ 70 ലക്ഷത്തോളം പേരും സജീവ അംഗങ്ങള്‍. പി.എഫ് തുക പെന്‍ഷന്‍ പദ്ധതിയിലൂടെ ഓഹരി വിപണിയില്‍ നിക്ഷേപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നികുതി നിര്‍ദേശം കൊണ്ട് വന്നത്.