ന്യൂഡല്‍ഹി: തൊഴിലാളികള്‍ പ്രോവിഡന്റ് ഫണ്ടില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ നിക്ഷേപത്തിന്റെ 60 ശതമാനത്തിന് നികുതി ചുമത്താനുള്ള ബജറ്റ് നിര്‍ദേശം സര്‍ക്കാര്‍ പുനഃപരിശോധിക്കും.
നിര്‍ദേശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും തൊഴിലാളി സംഘടനകള്‍ സമരഭീഷണി മുഴക്കുകയും ചെയ്തതിനെത്തുടര്‍ന്നാണിത്. നിലവില്‍ പ്രോവിഡന്റ് ഫണ്ടിലെ പണം പിന്‍വലിക്കുമ്പോള്‍ ഒരു തരത്തിലുള്ള നികുതിയും ഈടാക്കാറില്ല.
പണം പിന്‍വലിക്കുമ്പോള്‍ നിക്ഷേപിച്ച തുകയ്ക്കുമേല്‍ നികുതി ചുമത്തില്ലെന്നും അതിന്റെ പലിശയുടെ 60 ശതമാനത്തിനേ നികുതി ഈടാക്കൂ എന്നും റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ ചൊവ്വാഴ്ച രാവിലെ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ വൈകിട്ട് ധനമന്ത്രാലയം പുറപ്പെടുവിച്ച വാര്‍ത്താകുറിപ്പില്‍ ഇതിന്മേല്‍ വ്യക്തമായ ഉറപ്പു നല്‍കിയില്ല.
ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം അവ പിന്നീട് പരിശോധിക്കുമെന്നും മാത്രമാണ് കുറിപ്പില്‍ പറയുന്നത്. തൊഴിലുടമകളുടെ വിഹിതത്തിന് പരിധി നിശ്ചയിക്കരുതെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇതും സര്‍ക്കാര്‍ പരിശോധിക്കും.
സ്വകാര്യസ്ഥാപനങ്ങളിലെ തൊഴിലാളികള്‍ പി.എഫ്. തുകയുടെ 60 ശതമാനം ആന്വിറ്റികളില്‍ നിക്ഷേപിച്ച് സ്ഥിരമായ പെന്‍ഷന്‍ ഉറപ്പാക്കാനാണ് ബജറ്റില്‍ പുതിയ നിര്‍ദേശം കൊണ്ടുവന്നതെന്ന് പ്രസ്താവന വിശദീകരിച്ചു.
60 ശതമാനം തുകയും ആന്വിറ്റിയില്‍ നിക്ഷേപിക്കുമ്പോള്‍ അതിന് നികുതി ഈടാക്കില്ല. ആന്വിറ്റിയില്‍ നിക്ഷേപിക്കുന്ന വ്യക്തി മരിച്ചാല്‍ അനന്തരാവകാശിക്ക് തുക ലഭിക്കുമ്പോള്‍ അതിന്മേലും നികുതിയുണ്ടാവില്ല
തൊഴിലാളികള്‍ പ്രോവിഡന്റ് ഫണ്ടില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ നിക്ഷേപത്തിന്റെ 60 ശതമാനത്തിന് നികുതി ചുമത്താനുള്ള ബജറ്റ് നിര്‍ദേശത്തില്‍ മാറ്റമില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.
പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപം നടത്തുന്നത് പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് നികുതി ഏര്‍പ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.
നിര്‍ദേശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും തൊഴിലാളി സംഘടനകള്‍ സമരഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇക്കാര്യം പുനപരിശോധിക്കുമെന്ന് ധനമന്ത്രാലയം സൂചന ല്‍കിയിരുന്നെങ്കിലും വഴങ്ങാന്‍ ജെയ്റ്റ്‌ലി തയ്യാറായില്ല.