തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ തുടർന്ന് സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ പൊലീസ് ആസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നു. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. പിഎഫ്‌ഐ ഓഫീസുകൾ, വസ്തുവകകൾ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയുന്നതിനുവേണ്ടി നോട്ടിഫൈ ചെയ്യുന്നതിന് ജില്ലാ പൊലീസ് മേധാവിമാർ നടപടി സ്വീകരിക്കും.
നിരോധിത സംഘടനയ്ക്ക് സാമ്പത്തികസഹായം ലഭിക്കുന്ന മാർഗ്ഗങ്ങൾ തടയുന്നതിനും ജില്ലാ പൊലീസ് മേധാവിമാർ നടപടിയെടുക്കും. ഇതിനായി സർക്കാർ ഉത്തരവ് പ്രകാരം കൈമാറിയ അധികാരം ജില്ലാ പൊലീസ് മേധാവിമാർ വിനിയോഗിക്കും. ജില്ലാ മജിസ്‌ട്രേട്ടുമാരുമായി ചേർന്നായിരിക്കും ഇക്കാര്യത്തിൽ ജില്ലാ പൊലീസ് മേധാവിമാർ തുടർ നടപടി സ്വീകരിക്കുക.
ഈ നടപടികൾ ക്രമസമാധാനവിഭാഗം എഡിജിപിയും മേഖല ഐജിമാരും റേഞ്ച് ഡി ഐ ജിമാരും നിരീക്ഷിക്കും. ഇതിന് ആവശ്യമായ നിർദ്ദേശങ്ങൾ സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ചു. പൊലീസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ എഡിജിപി മാരും ഐജിമാരും ഡിഐജിമാരും എല്ലാ ജില്ലാ പൊലീസ് മേധാവിമാരും പങ്കെടുത്തു.