ദുബായ്: ഫൈസര്‍ ബയോ എന്‍ടെക് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് 95 ശതമാനം ഫലപ്രദമാണ് പഠനം. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ യു.എ.ഇ. നടത്തിയ ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് പ്രകാരമാണിത്. ആദ്യ രണ്ടുഡോസ് വാക്‌സിനെടുത്ത 10,000 പേരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഫൈസര്‍ ബൂസ്റ്റര്‍ ഡോസ് ക്ലിനിക്കല്‍ പരീക്ഷണം നടന്നത്.
ബൂസ്റ്റര്‍ ഡോസെടുത്ത ഗ്രൂപ്പില്‍ അഞ്ചുപേര്‍ക്കും അല്ലാത്തവരുടെ ഗ്രൂപ്പില്‍ 109 പേര്‍ക്കുമാണ് നിശ്ചിത കാലയളവിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇത് ബൂസ്റ്റര്‍ ഡോസിന്റെ കാര്യക്ഷമത വ്യക്തമാക്കുന്നു. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ രോഗപ്രതിരോധശേഷി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പ്രായമുള്ളവര്‍ക്ക് പ്രധാനമായും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമായും ലഭ്യമാക്കണമെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് പ്രൊഫസര്‍ ഡേവിഡ് ടൈലര്‍ പറഞ്ഞു.
വര്‍ഷത്തില്‍ രണ്ടോ ഒന്നോ എന്നതോതിലാകും വാക്‌സിനേഷന്‍. 50 മുതല്‍ 60 വയസ്സുവരെ പ്രായമുള്ളവരില്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ണായകമെന്ന് പഠനങ്ങള്‍ വ്യക്തമാകുന്നു. കോവിഡ് വകഭേദങ്ങളില്‍നിന്നും പൂര്‍ണസംരക്ഷണമുറപ്പാക്കാന്‍ ബൂസ്റ്റര്‍ ഡോസുകള്‍ക്ക് കഴിയുമെന്ന് ഫൈസര്‍ ബയോഎന്‍ടെക് സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവുമായ ഉഗര്‍ സഹിന്‍ പറഞ്ഞു.
പ്രായം, ലിംഗം, രോഗാവസ്ഥകള്‍, രാജ്യം എന്നിവയൊന്നും ബൂസ്റ്റര്‍ ഡോസുകള്‍ക്ക് വിഘാതമല്ല. രോഗവ്യാപനശേഷി കൂടുതലുള്ള 80-ന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗങ്ങളില്‍ ബൂസ്റ്റര്‍ഡോസ് ഏറ്റവുമാദ്യം ലഭ്യമാക്കും. യു.എ.ഇ.ക്ക് പുറമെ യു.കെ. യടക്കമുള്ള രാജ്യങ്ങള്‍ 50-ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ഡോസ് ലഭ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.