ന്യൂയോര്‍ക്ക്: കൊവിഡ് വാക്സിൻ സംബന്ധിച്ച ഗവേഷണങ്ങള്‍ വിജയം കണ്ട് ലോകവ്യാപകമായി കൊവിഡ് വാക്സിൻ വിതരണം നടക്കുന്നുണ്ടെങ്കിലും കൊവിഡ് 19 രോഗമുണ്ടാക്കുന്ന നോവൽ കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന ഫലപ്രദമായ മരുന്നില്ലാത്തത് വലിയ പ്രതിസന്ധിയായി തുടരുകയാണ്. ഇതിനിടയിലാണ് കൊവിഡ് ചികിത്സയിൽ വലിയ മാറ്റം കൊണ്ടുവരുന്ന പുതിയ മരുന്നിൻ്റെ ഗവേഷണവുമായി പ്രമുഖ ഫാര്‍മസ്യൂട്ടിക്കൽ സ്ഥാപനമായ ഫൈസര്‍ മുന്നോട്ടു പോകുന്നത്.
കൊവിഡ് 19 ബാധിച്ച് ആദ്യ ദിവസങ്ങളിൽ വീട്ടിലിരുന്നു കഴിക്കാവുന്ന ഗുളികയുടെ പരീക്ഷണങ്ങളാണ് പുരോഗമിക്കുന്നത്. ആദ്യഘട്ടത്തിൽ തന്നെ വൈറസിനെ പ്രതിരോധിച്ച് രോഗം ഗുരുതരമാകുന്നത് ഒഴിവാക്കാൻ സാധിക്കുമെന്നതാണ് ഫൈസര്‍ വികസിപ്പിച്ച പുതിയ ഗുളികയുടെ മെച്ചം. ഈ വര്‍ഷം അവസാനത്തോടെ ഈ മരുന്ന് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ഫൈസര്‍ സിഇഓ ആൽബര്‍ട്ട് ബോള സിഎൻബിസിയോടു പറഞ്ഞു. ലോകത്ത് പടരുന്ന കൊവിഡിൻ്റെ പലതരം വ്യതിയാനങ്ങള്‍ക്കെതിരെ ഈ മരുന്ന് ഫലപ്രദമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.