തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അത്യാഹിത വിഭാഗമടക്കമുള്ള ഡ്യൂട്ടി ബഹിഷ്‌കരിച്ച് കൊണ്ടുള്ള സമരം തുടരുമെന്ന് പിജി ഡോക്ടര്‍മാര്‍. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിനാല്‍ അത്യാഹിത വിഭാഗം ചികിത്സയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് തുടരുമെന്ന് കെഎംപിജിഎ വ്യക്തമാക്കി. കൊവിഡ് ചികിത്സ മുടക്കില്ല.
സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാര്‍ ഹോസ്റ്റല്‍ ഒഴിയണമെന്ന മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ സര്‍ക്കുലര്‍ വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചു. ശമ്പള പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെജിഎംഓഎ നടത്തുന്ന നില്‍പ് സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു.
ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും നടത്തുന്ന സമരം പിന്‍വലിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ വേഗത്തില്‍ കൈക്കൊള്ളണമെന്ന് മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുകയും ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നത് വരെ സമരത്തില്‍ നിന്ന് മാറ്റമില്ലെന്ന നിലപാടിലാണ് പിജി ഡോക്ടര്‍മാര്‍. ഇനിയൊരു ചര്‍ച്ചയില്ലെന്ന് സര്‍ക്കാരും നിലപാട് എടുക്കുന്നു. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ സമരം കാര്യമായി ബാധിച്ചിട്ടുണ്ട്.