തിരുവനന്തപുരം: പി.ജി ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം ഭാഗികമായി പിന്‍വലിച്ചു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഭാഗികമായി പിന്‍വലിച്ചത്.
കാഷ്വാലിറ്റി, ലേബര്‍ റൂം തുടങ്ങിയ അത്യാഹിത വിഭാഗങ്ങളില്‍ പി.ജി ഡോക്ടര്‍മാര്‍ ജോലിക്ക് കയറും. എന്നാല്‍, ഒ.പി, വാര്‍ഡ് ബഹിഷ്‌കരണം തുടരും. പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് സമരം ഭാഗികമായി പിന്‍വലിക്കാന്‍ പി.ജി ഡോക്ടര്‍മാരുടെ അസോസിയേഷന്‍ തീരുമാനിച്ചത്.
പി.ജി ഡോക്ടര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. റെസിഡന്‍സി മാനുവലില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കും. റെസിഡന്‍സി മാനുവലില്‍ നിന്നും അധികമായി ആര്‍ക്കൊക്കെയാണ് എവിടെയൊക്കെയാണ് ജോലിഭാരം കൂടുതല്‍ എന്ന് അറിയാന്‍ ഒരു സമിതിയെ നിയോഗിക്കും. സംഘടനാ പ്രതിനിധികള്‍ നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനുള്ളില്‍ സമിതി രൂപീകരിക്കും.പി ജി വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എഴുതി നല്‍കാന്‍ ഒരു മാസത്തെ സമയമാണ് സംഘടനാ പ്രസിഡന്റ് ആവശ്യപ്പെട്ടത്.
എന്നാല്‍, പി.ജി ഡോക്ടര്‍മാരുടെ സ്‌റ്റൈപെന്‍ഡ് നാല് ശതമാനം വര്‍ധിപ്പിക്കാനാകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പിന്റെ എതിര്‍പ്പ് ഉന്നയിക്കുന്നത്.
പി.ജി ഡോക്ടര്‍മാരുടെ പണിമുടക്കിനെത്തുടര്‍ന്ന് മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ മാറ്റുന്ന സാഹചര്യമുണ്ടായിരുന്നു. കൂടാതെ വാര്‍ഡുകളില്‍ കഴിയുന്ന രോഗികള്‍ക്കും ഒ.പിയിലെത്തുന്ന രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടായി. സീനിയര്‍ ഡോക്ടര്‍ മാത്രമാണ് ഒ.പികളിലും വാര്‍ഡുകളിലും രോഗീപരിചരണം നടത്തുന്നത്. സാധാരണ രീതിയില്‍ സീനിയര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമോ സാന്നിധ്യത്തിലോ പി.ജി ഡോക്ടര്‍മാര്‍ ചെയ്തുകൊണ്ടിരുന്ന ഡ്യൂട്ടികളായിരുന്നു ഇത്.