തിരുവനന്തപുരം: സംസ്ഥാനത്ത് പിജി ഡോക്ടര്‍മാരുടെ സമരം തുടരും. സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നടത്തിയ മൂന്നാമത്തെ ചര്‍ച്ചയും ഫലം കണ്ടില്ല. ഉന്നയിച്ച ആവശ്യങ്ങളില്‍ വ്യക്തമായ മറുപടി ലഭിക്കാത്തതിനാല്‍ സമരം തുടരുമെന്ന് പിജി ഡോക്ടേഴ്സ് അസോസിയേഷന് അറിയിച്ചു. കൂടുതല്‍ നോണ്‍ അക്കാദമിക്ക് റസിഡന്റ് ഡോക്ടര്‍മാരുടെ നിയമനത്തിലും സ്റ്റൈപന്‍ഡ് വര്‍ധനവിലും സര്‍ക്കാര്‍ രേഖാമൂലം വ്യക്തത വരുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇക്കാര്യത്തില്‍ നാളെ സമരക്കാരുമായി ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടക്കും.
പി ജി ഡോക്ടേഴ്സുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് മൂന്നാംവട്ട ചര്‍ച്ച നടത്തിയിരുന്നു. സ്റ്റൈപെന്‍ഡ് വര്‍ധന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. റെസിഡന്‍സി മാനുവല്‍ അനുസരിച്ചാണോ മെഡിക്കല്‍ കോളജുകളില്‍ കാര്യങ്ങളെന്ന് പരിശോധിക്കും.
249 സീനിയര്‍ റെസിഡന്റുമാരെ പിരിച്ചുവിട്ട് ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കാമെന്നും കൂടുതല്‍ സീനിയര്‍ റസിഡന്റുമാരെ നിയമിക്കാനുള്ള പരിമിതികള്‍ പി ജി ഡോക്ടേഴ്സിനെ അറിയിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ജനങ്ങള്‍ക്ക് ചികിത്സ നിഷേധിക്കാന്‍ പാടില്ല. സമരക്കാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ചു. സമരം അവസാനിപ്പിക്കണമെന്ന് പി ജി ഡോക്ടേഴ്സിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് പി ജി ഡോക്ടേഴ്സ് പറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.