ന്യൂഡല്‍ഹി: മെയ് 17-ന് ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം അവസാനിക്കാനിരിക്കെ കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്നാണ് സൂചന. രാജ്യത്തെ സ്ഥിതിഗതികള്‍ മനസ്സിലാക്കാനും ചര്‍ച്ച ചെയ്യാനും പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടുന്നകാര്യം ചര്‍ച്ചയായത്. പ്രധാനമന്ത്രി വിളിച്ച ആറുമണിക്കൂറോളം നീണ്ട മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് 6 സംസ്ഥാനങ്ങളാണ് ആവശ്യപ്പെട്ടത്. ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാനാണ് ധാരണ.
വിവിധ സംസ്ഥാനങ്ങള്‍ക്ക് ഗ്രീന്‍, ഓറഞ്ച്, റെഡ് സോണുകള്‍ നിര്‍ണയിക്കാന്‍ അനുമതിയുണ്ടാകും. ഇത്തരത്തില്‍ സോണുകളുടെ പട്ടിക തയ്യാറാക്കി 15-ാം തീയതിക്ക് മുമ്പ് നല്‍കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബിഹാര്‍, ഉത്തര്‍പ്രദേശ്, അസം, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ആവശ്യപ്പെട്ടത്. കേരളവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഉള്‍പ്പടെ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അടക്കം അനുവദിക്കണമെന്നാണ് യോഗത്തിലെടുത്ത നിലപാട്.
എന്നാല്‍ മരണനിരക്ക് രാജ്യത്തെ തന്നെ ഏറ്റവും മുകളില്‍ നില്‍ക്കുന്ന ഗുജറാത്ത് ലോക്ക്ഡൗണ്‍ നീട്ടരുതെന്നാണ് നിലപാടെടുത്തതെന്നത് ശ്രദ്ധേയമായി. ലോക്ക്ഡൗണില്‍ ഇളവുകളാകാമെങ്കിലും, ട്രെയിന്‍ ഗതാഗതം അനുവദിക്കരുതെന്ന് കേരളവും തെലങ്കാനയും ഒഡിഷയും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടി യോഗത്തില്‍ പങ്കെടുത്തിരുന്നു.
സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് തന്നെയാണ് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം. കുടിയേറ്റത്തൊഴിലാളികളെ സഹായിക്കാനായി ഒരു സാമ്പത്തിക പാക്കേജ്, ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങള്‍ക്ക് കൈത്താങ്ങ്, വിപണിയില്‍ ചലനമുണ്ടാക്കല്‍ എന്നിവയാകും സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളികള്‍.
മൂന്നാം ലോക്ക്ഡൗണിന് ശേഷവും സാമ്പത്തികമേഖലയില്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ അത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെത്തന്നെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റെ ആവശ്യകതയെക്കുറിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചത്. വൈറസിനെ ട്രാക്ക് ചെയ്യാന്‍ ആരോഗ്യസേതു വഴി കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മുഖ്യമന്ത്രിമാരോടും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡിനെച്ചൊല്ലി കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിമര്‍ശിച്ചു. പല സംസ്ഥാനങ്ങളോടും കേന്ദ്രസര്‍ക്കാര്‍ വിവേചനപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് മമതയുടെ ആരോപണം.
ലോക്ക്ഡൗണില്‍ നിന്ന് ഘട്ടം ഘട്ടമായി പുറത്തുകടക്കേണ്ടതിനെക്കുറിച്ചും, അതിഥിത്തൊഴിലാളികള്‍ക്കുള്ള സാമ്പത്തിക പാക്കേജിനെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മമതയുടെ വിമര്‍ശനം. പരിശോധനാഫലം കൃത്യമായി പശ്ചിമബംഗാള്‍ പുറത്തുവിടുന്നില്ല എന്നും, ശ്രമിക് ട്രെയിനുകള്‍ കടത്തി വിടേണ്ടതില്ലെന്നുമുള്ള ബംഗാളിന്റെ നിലപാടിനെതിരെയും ഉള്ള കേന്ദ്ര ആരോപണം മുന്‍നിര്‍ത്തിയാണ് മമതാ ബാനര്‍ജിയുടെ രൂക്ഷവിമര്‍ശനം.
തീവണ്ടി സര്‍വീസുകള്‍ തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ അനുവദിക്കരുതെന്ന് ശക്തമായി ആവശ്യപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, സംസ്ഥാനത്തിന് 2000 കോടി രൂപയുടെ സാമ്പത്തികപാക്കേജ് ആവശ്യപ്പെട്ടു.
രാജ്യത്ത് മരണനിരക്കും രോഗവ്യാപനവും കുത്തനെ കൂടുന്ന ഗുജറാത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. അന്തര്‍സംസ്ഥാന ചരക്ക് ഗതാഗതം തടസ്സമില്ലാതെ പോകണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു.
പരീക്ഷകളും എന്‍ട്രന്‍സ് ടെസ്റ്റുകളും അനുവദിക്കണമെന്നായിരുന്നു ഹരിയാനയുടെ ആവശ്യം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നുറപ്പാക്കി ബസ്സുകളും ടാക്‌സികളും അനുവദിക്കണമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ആവശ്യപ്പെട്ടു.