മനില: ഫിലിപ്പീന്‍സിലെ ഒരു പള്ളിയില്‍ നിന്നും 1901ല്‍ മോഷ്ടിച്ച പള്ളിമണികള്‍ തിരികെ നല്‍കുമെന്ന് അമേരിക്കന്‍ എംബസി. തങ്ങളുടെ കോളനിയായിരുന്ന ഫിലിപ്പീന്‍സിലെ സമാര്‍ ദ്വീപിലെ ബലാന്‍ജിഗയിലെ കത്തോലിക്ക പള്ളിയില്‍ നിന്നാണ് മൂന്ന് പള്ളിമണികള്‍ അമേരിക്കന്‍ സൈന്യം മോഷ്ടിക്കുന്നത്.
ഫിലിപ്പീന്‍സില്‍ മാറിമാറിവന്ന സര്‍ക്കാര്‍ ഇവ തിരികെ ലഭിക്കുന്നതിനായി അമേരിക്കയോട് വര്‍ഷങ്ങളായി അഭ്യര്‍ത്ഥിച്ചിരുന്നു. ഏറ്റവും ഒടുവില്‍ നിലവിലെ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗ്രോ ദുതേര്‍തെയുടെ ആവശ്യം അമേരിക്ക പരിഗണിച്ചു. യുഎസിലെ വയോമിങ്ങ് സംസ്ഥാനത്തെ യുദ്ധസ്മാരകത്തിലാണ് രണ്ട് മണികള്‍ സ്ഥാപിച്ചിരിക്കുന്നത്. ദക്ഷിണകൊറിയിലെ യുഎസ് സേനയാണ് മറ്റൊന്ന് സൂക്ഷിച്ചിരിക്കുന്നത്.
അമേരിക്കന്‍ കോളനിയായി മാറുന്നതിന് മുമ്പ് ഫിലിപ്പീന്‍സ് സ്പാനിഷ് കോളനിയായിരുന്നു. 1898 ലെ സ്പാനിഷ് അമേരിക്കന്‍ യുദ്ധത്തിന് ശേഷം ഫിലിപ്പീന്‍സ് അമേരിക്കയുടെ കോളനിയായി മാറുകയായിരുന്നു. പിന്നീട് 1946 ലാണ് ഫിലിപ്പീന്‍സ് സ്വാതന്ത്ര്യം നേടുന്നത്.