പാരിസ് : ഇറ്റാലിയൻ തത്വചിന്തകനും രാഷ്ട്രീയ സൈദ്ധാന്തികനുമായ അന്റോണിയോ നെഗ്രി (90) വിടപറഞ്ഞു. അമേരിക്കൻ തത്വചിന്തകനായ മൈക്കിൾ ഹാർഡ്ട്ടുമായി ചേർന്ന് നെഗ്രി രചിച്ച ‘എംപയർ’ (സാമ്രാജ്യം) ‘മുതലാളിത്ത, ആഗോളവൽക്കരണ വിരുദ്ധ ബൈബിൾ’ എന്നാണ് അറിയപ്പെടുന്നത്.
അൽത്തൂസറിനും ഴീൽ ദെല്യൂസിനും മിഷേൽ ഫൂക്കോയ്ക്കും ഒപ്പം തലപ്പൊക്കമുള്ള ചിന്തകനായാണ് നെഗ്രി പരിഗണിക്കപ്പെടുന്നത്. ഇടതു വിപ്ലവ പ്രസ്ഥാനങ്ങളുമായുള്ള ബന്ധത്തിന്റെ പേരിൽ ഇറ്റലി 1984ൽ ജയിലിലടച്ച നെഗ്രി തുടർന്നു ഫ്രാൻസിലേക്കു പോവുകയും അവിടെ സർവകലാശാലകളിൽ പ്രഫസർ ആവുകയും ചെയ്തു.
രാഷ്ട്രീയ സാമൂഹ്യ സംഘടനകളെപ്പറ്റിയുള്ള പരമ്പരാഗത സിദ്ധാന്തങ്ങൾക്കു പകരം ആധുനിക കാഴ്ചപ്പാടുകൾ മുന്നോട്ടുവച്ചതാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. 21–ാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നാണ് പ്രശസ്ത മാർക്സിസ്റ്റ് സൈദ്ധാന്തികൻ സാൽവോജ് സിസെക് ‘എംപയറി’നെ വിശേഷിപ്പിച്ചത്. മൈക്കിൾ ഹാർഡ്ട്ടുമായി ചേർന്നെഴുതിയ. ദ് ലേബർ ഓഫ് ദിയോനിസസ് (1994) എന്ന ഗ്രന്ഥവും ലോകവ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.
മൾറ്റിറ്റ്യൂഡ്– വാർ ആൻഡ് ഡെമോക്രസി ഇൻ ദ ഏജ് ഓഫ് എംപയർ (2004) എന്ന പുസ്തകം സാമ്രാജ്യത്വം എങ്ങനെ കേന്ദ്രരഹിത ശക്തിയായി പ്രവർത്തിക്കുന്നു എന്നു വിശദമാക്കുന്നു. പ്രകൃതി പ്രതിഭാസങ്ങളെന്ന പോലെ പ്രകൃതിയിൽ ഉത്പാദിപ്പിക്കുന്ന സമ്പത്തും എല്ലാവരുടേതുമാണെന്ന വാദമാണ് കോമൺവെൽത്ത് (2009) മുന്നോട്ടുവയ്ക്കുന്നത്. ജസഞ്ചയ രാഷ്ട്രീയം രാഷ്ട്രീയ പ്രസ്ഥാനമായി രൂപപ്പെടുന്നതെങ്ങനെ എന്നാണ് അസംബ്ലി (2017) വിശദമാക്കുന്നത്.
ഓരോ വ്യക്തിയും ബോധപൂർവം പ്രവർത്തിക്കുന്ന രാഷ്ട്രീയ ശക്തിയായി ഉയരുന്നതാണ് ജനസഞ്ചയ രാഷ്ട്രീയം. ഇന്ത്യയിൽ രാഷ്ട്രീയപാർട്ടികളെ മാറ്റി നിർത്തിക്കൊണ്ട് കർഷകർ നടത്തിയ സമരം ജനസഞ്ചയ രാഷ്ട്രീയത്തിന്റെ തെളിവായാണു നിരീക്ഷകർ വിലയിരുത്തുന്നത്.