ഡല്‍ഹി: സര്‍ക്കാരിനെതിരെ പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. തന്റെ ഫോണും ഇ- മെയിലും സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട സന്ദേശം ഫോണിലെത്തി. സര്‍ക്കാരിന്റെ ഭയം കാണുമ്പോള്‍ കഷ്ടം തോന്നുന്നുവെന്നും മഹുവ മൊയ്ത്ര പറഞ്ഞു.
അതേസമയം ചോദ്യത്തിന് കോഴ ആരോപണത്തില്‍ എംപി മഹുവ മൊയ്ത്ര നവംബര്‍ 2ന് ഹാജരാകണമെന്ന് നോട്ടീസ്. പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയാണ് നോട്ടീസ് നല്‍കിയത്. നവംബര്‍ 5 ന് ശേഷമേ ഹാജരാകാന്‍ കഴിയൂയെന്ന് മഹുവ അറിയിച്ചതിന് ശേഷമാണ് പുതിയ നോട്ടീസ് നല്‍കിയിരിക്കുന്നത്. പുതിയ നോട്ടീസ് പ്രകാരം രണ്ടിന് ഹാജരാകണമെന്നാണ് പറയുന്നത്.
ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം സമ്മതിച്ച് മഹുവ മൊയ്ത്ര രംഗത്തെത്തി. പാര്‍ലമെന്റ് ഇ മെയില്‍ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ലോഗിന്‍, പാസ് വേഡ് വിവരങ്ങള്‍ കൈമാറിയത് ചോദ്യങ്ങള്‍ തയ്യാറാക്കാനാണെന്നും എന്നാല്‍ ലക്ഷ്യം പണമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങളുടെ ഔദ്യോഗിക ഇ മെയില്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു നിയമവും നിലവിലില്ല. ഒരു എംപിയും ചോദ്യങ്ങള്‍ സ്വയം തയ്യാറാക്കുന്നതല്ലെന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി. ഹിരാനന്ദാനിയില്‍ നിന്ന് ഉപഹാരങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും മഹുവ സമ്മതിച്ചു.