മുന്നില്‍ പൊലീസുണ്ട്, ഖുറാനും ബൈബിളും കത്തിയും കടത്തണം; നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെ കലൂരിലെ വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ കടത്താന്‍ ശ്രമം നടന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. മോന്‍സന്റെ ജീവനക്കാരായിരുന്ന ജിഷ്ണുവും ജോഷിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.

ഖുറാന്‍, ബൈബിള്‍, സ്വര്‍ണപ്പിടിയുള്ള കത്തി തുടങ്ങിയവയാണ് കടത്താന്‍ ശ്രമിച്ചത്. ഫോണ്‍ സംഭാഷണം ഉള്‍പ്പടെയുള്ള തെളിവുകള്‍ ചൂണ്ടിക്കാട്ടി പരാതിക്കാര്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയിട്ടുണ്ട്. വീഡിയോ ക്ലിപ്പുകള്‍ ഉള്‍പ്പടെയുള്ള തെളിവുകളും പരാതിക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.

മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റിന് തൊട്ടു പിന്നാലെയാണ് മോന്‍സന്റെ ജീവനക്കാര്‍ തമ്മില്‍ ഈ സംഭാഷണം നടക്കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാനായി ചില സാധനങ്ങള്‍ മോന്‍സന്റെ മ്യൂസിയത്തില്‍ നിന്ന് കടത്തണമെന്ന് ജിഷ്ണു ജോഷിയോട് ആവശ്യപ്പെടുന്നതാണ് സഭാഷണത്തിന്റെ ഉള്ളടക്കം.

മോന്‍സന്റെ വീടിന് മുന്നില്‍ ക്രൈം ബ്രാഞ്ച് സംഘമുണ്ടെന്നും ഈ സാഹചര്യത്തില്‍ വീടിന്റെ പിന്‍വശത്തുകൂടെ ഖുറാന്‍, ബൈബിള്‍ സ്വര്‍ണപ്പിടിയുള്ള കത്തി എന്നിവ പുറത്ത് കടത്തണമെന്നുമാണ് ഫോണിലൂടെ ആവശ്യപ്പെടുന്നത്. ഇവ പുറത്തെത്തിച്ചാല്‍ മാത്രമേ ഈ കേസില്‍ എന്തെങ്കിലും ഒത്തുതീര്‍പ്പ് നടക്കൂവെന്നുമായിരുന്നു ജിഷ്ണു ജോഷിയോട് പറയുന്നത്.

Top