ഫോണ്‍ ചോര്‍ത്തല്‍ വിവാദം; ഇരുസഭകളും നിര്‍ത്തിവെച്ചു

parliament

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. രാജ്യസഭയും ലോക്‌സഭയും നിര്‍ത്തിവെച്ചു. രാജ്യസഭ 12 മണി വരെയും ലോക്‌സഭ രണ്ട് മണി വരെയുമാണ് നിര്‍ത്തിവെച്ചത്. സഭയുടെ തുടക്കത്തില്‍ തന്നെ പെഗാസസ് വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യം ഇരുസഭകളിലും പ്രതിപക്ഷം ഉന്നയിക്കുകയായിരുന്നു.

പെഗാസസ് വിഷയം ദേശീയ പ്രാധാന്യമുള്ള വിഷയമാണെന്നും ഇതിന്മേല്‍ ചര്‍ച്ച വേണമെന്നും അടിയന്തര പ്രമേയത്തിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിന് വഴങ്ങിയിരുന്നില്ല. ഇതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു.

ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായത് കൊണ്ട് തന്നെ ഐ.ടി മന്ത്രി മറുപടി പറഞ്ഞാല്‍ മതിയാകില്ലെന്നും പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വിഷയത്തില്‍ ചര്‍ച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

 

Top