ശ്രീനഗര്‍: ഫോണ്‍ സേവനങ്ങളല്ല കശ്മീരികള്‍ക്ക് അവരുടെ ജീവനാണ് പ്രധാനപ്പെട്ടതെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. പോസ്റ്റ്‌പെയ്ഡ്‌മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ പുന:സ്ഥാപിച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രസ്താവന.
ടെലിഫോണല്ല പ്രധാനപ്പെട്ടത്. കശ്മീരികളുടെ ജീവനാണ് അതിലേറെ പ്രാധാന്യമുള്ളത്. ഇതിന് മുമ്പും ജനങ്ങള്‍ ടെലിഫോണ്‍ ഉപയോഗിക്കാതെ ജീവിച്ചിട്ടുണ്ടെന്നും തീവ്രവാദികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള മാര്‍ഗമായാണ് ടെലിഫോണുകള്‍ ഉപയോഗിക്കുന്നതെന്നും സത്യപാല്‍ മാലിക് പറഞ്ഞു.
രണ്ടു മാസങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ചയാണ് ജമ്മു കശ്മീരില്‍ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ പുന:സ്ഥാപിച്ചത്. 40 ലക്ഷം പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളാണ് ഇവിടെയുള്ളത്.കണക്ഷനുകള്‍ ലഭ്യമാക്കുമെങ്കിലും വിദ്വേഷകരമായ സന്ദേശങ്ങള്‍ കൈമാറുന്നവര്‍ പ്രത്യേകം നിരീക്ഷണത്തിലായിരിക്കും. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെയും നിരീക്ഷിക്കുകയാണെന്ന് ഡിജിപി അറിയിച്ചു.
ഇന്ത്യന്‍ ഭരണഘടന ജമ്മുകശ്മീരിന് ഉറപ്പു നല്‍കിയിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്നാണ് കശ്മീരില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. പിന്നീട് ലാന്‍ഡ് ഫോണ്‍ ബന്ധം ലഭ്യമാക്കിയെങ്കിലുംമൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ് വിലക്കുകള്‍ തുടരുകയായിരുന്നു. ഇന്റര്‍നെറ്റ് സേവനങ്ങളും ഉടന്‍ തന്നെ ലഭ്യമാക്കുമെന്നും സത്യപാല്‍ മാലിക് അറിയിച്ചു.