തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ഫോണ്‍ പരിശോധന കഴിഞ്ഞ് ഡാക് ഡിആര്‍ഐക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ പ്രകാശ് തമ്പിയുടെ വീട്ടില്‍നിന്ന് 3 മൊബൈലുകള്‍ ഡിആര്‍ഐ കണ്ടെത്തിയിരുന്നു. ഇതിലൊന്ന് ബാലഭാസ്കറിന്റെതാണെന്നാണ് സുഹൃത്ത് പ്രകാശന്‍ തമ്പിയുടെ മൊഴി.
3 ഫോണുകളും സ്വര്‍ണക്കടത്തുകേസില്‍ ആദ്യം പിടിയിലായ സെറീനയുടേയും സുനില്‍കുമാറിന്റെയും ഫോണുകളും ഡിആര്‍ഐ പരിശോധനയ്ക്കായി അയച്ചിരുന്നു. പരിശോധനാഫലം ഡിആര്‍ഐയ്ക്ക് കൈമാറിയതായി സി ഡാക് ഫൊറന്‍സിക് വിഭാഗം മേധാവി അനന്തലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു
സ്വര്‍ണക്കടത്തു കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഡിആര്‍ഐയുടെ നിഗമനം. ചില കസ്റ്റംസ് ഉദ്യോഗസ്ഥരും സംശയ നിഴലിലാണ്. കടത്തല്‍ സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനാണ് ഫോണുകള്‍ പരിശോധനയ്ക്ക് അയച്ചത്. പരിശോധനാഫലം ലഭിച്ചതോടെ, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കടത്തല്‍ സംഘവുമായി ബന്ധപ്പെട്ടിരുന്നോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കും.
കടത്തല്‍ സംഘത്തിനു സഹായങ്ങള്‍ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെ ഡിആര്‍ഐ അറസ്റ്റു ചെയ്തിരുന്നു. 3 കസ്റ്റംസ് ഉദ്യോഗസ്ഥരെ നേരത്തെ ചോദ്യം ചെയ്തെങ്കിലും സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന കാര്യം കണ്ടെത്താനായിരുന്നില്ല.
മേയ് 13നാണ് 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശിയായ കെഎസ്ആർടിസി കണ്ടക്ടർ സുനിൽ കുമാർ(45), സുഹൃത്ത് കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീന ഷാജി(42) എന്നിവര്‍ അറസ്റ്റിലാകുന്നത്. ഇതിന് ആഴ്ചകള്‍ക്ക് മുന്‍പ് 10 കിലോ സ്വര്‍ണവുമായി കരാര്‍ ജീവനക്കാരന്‍ അനീഷ് അറസ്റ്റിലായിരുന്നു. അനീഷിന് വിമാനത്താവളത്തിലെ എയ്റോ ബ്രിഡ്ജില്‍വച്ച് സ്വര്‍ണം കൈമാറിയ പൂന്തുറ പുത്തന്‍പള്ളി, പള്ളിത്തെരുവില്‍ സ്വദേശി സുധീര്‍ മുഹമ്മദ് ഹനീഫയെ(48) ഇതുവരെ പിടികൂടാനായിട്ടില്ല.