പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: റോയിട്ടേഴ്‌സ് ഫോട്ടോഗ്രഫറും പുലിറ്റ്‌സര്‍ ജേതാവുമായ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. താലിബാന്‍ ആക്രമണത്തിലാണ് സിദ്ദിഖി കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച രാത്രി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ അഫ്ഗാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സിനൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. മേഖലയിലെ താലിബാനെതിരായ അഫ്ഗാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അദ്ദേഹം.

ജൂലൈ 13 ന് ഡാനിഷ് സിദ്ദിഖി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍, താന്‍ സഞ്ചരിച്ച വാഹനത്തിലേക്ക് താലിബാന്‍ ആര്‍.പി.ജി ആക്രമണം നടത്തുന്നതിന്റെ വീഡിയോ ‘ഭാഗ്യമുള്ളതുകൊണ്ട് സുരക്ഷിതനായിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരുന്നു.

റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതം, നേപ്പാള്‍ ഭൂകമ്പം, ഡല്‍ഹിയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ എന്നിവയടക്കം നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ പകര്‍ത്തിയ സിദ്ദിഖിയുടെ ഡല്‍ഹിയിലെ ശ്മശാനങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ദഹിപ്പിക്കുന്ന ചിത്രം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

 

Top