മെഹബൂബ മുഫ്തി ഇടപ്പെട്ടു; കശ്മീരി ഫോട്ടോ ജേര്‍ണലിസ്റ്റ് കമ്രാന്‍ യൂസഫിന് ജാമ്യം

PHOTO

ന്യൂഡല്‍ഹി : മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇടപ്പെട്ടതിനെ തുടര്‍ന്ന് ആറുമാസത്തോളം തടവില്‍ കഴിയുകയായിരുന്ന കശ്മീരി ഫോട്ടോ ജേര്‍ണലിസ്റ്റ് കമ്രാന്‍ യൂസഫിന് ജാമ്യം ലഭിച്ചു. കല്ലെറിഞ്ഞു, അട്ടിമറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങിയ ആരോപണങ്ങളാണ് കമ്രാന്‍ യൂസഫിനെതിരെ ചുമത്തിയത്. അമ്പതിനായിരം രൂപയും രണ്ടുപേരുടെ ആള്‍ ജാമ്യത്തിലുമാണ് അഡീഷണല്‍ ജഡ്ജി തരുണ്‍ ഷെരാവത്ത് കമ്രാന്‍ യൂസഫിന് ജാമ്യമനുവദിച്ചത്.

‘ദേശവിരുദ്ധ ശക്തികളുമായ് നിരന്തരം ബന്ധം പുലര്‍ത്തി’ എന്നാരോപിച്ചുകൊണ്ട് സെപ്റ്റംബര്‍ അഞ്ചിനാണ് ദേശീയ സുരക്ഷാ ഏജന്‍സിയായ എന്‍ഐഎ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുന്നത്. പതിനെട്ട് തവണകളായി നടന്ന വിചാരണയ്ക്ക് ഒടുവിലാണ് കോടതി ജാമ്യം അനുവദിച്ചത്.

കല്ലേറ് നടക്കുന്ന ഇടങ്ങളില്‍ കമ്രാന്‍ യൂസഫിനെ കാണാറുണ്ട് എന്നായിരുന്നു ദേശീയ സുരക്ഷാ ഏജന്‍സി കോടതിയില്‍ വാദിച്ചത്. ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് അദ്ദേഹം ഇത്തരം ഇടങ്ങളില്‍ എത്തിയിരുന്നതെന്നാണ് എന്‍ഐഎ ആരോപിച്ചത്.

ഒരു യതാര്‍ത്ഥ മാധ്യമപ്രവര്‍ത്തകന്‍ ധാര്‍മികമായ ചുമതല അയാളുടെ മേഖലയിലുള്ള നല്ലതും ചീത്തയുമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ്. എന്നാല്‍ കമ്രാന്‍ ഇതുവരെയും സര്‍ക്കാരിന്റെയോ ഏജന്‍സികളുടെയോ വികസനപ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു ആശുപത്രിയുടെയോ സ്‌കൂള്‍ കെട്ടിടത്തിന്റെയോ റോഡിന്റെയോ പാലത്തിന്റെയോ ഉദ്ഘാടനമോ അധികാരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായങ്ങളോ ഇന്ത്യന്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കമ്രാന്‍ യൂസഫിനെതിരായ കുറ്റപത്രത്തില്‍ എന്‍ഐഎ ആരോപിച്ചു.

അതേസമയം സംഭവത്തില്‍ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

Top