തിരുവനന്തപുരം: സഹപാഠികളുടേയും അധ്യാപകരുടേയും വ്യക്തി വിവരങ്ങള്‍ അശ്ലീല ചാറ്റ് സൈറ്റിന് കൈമാറിയ സംഭവത്തില്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ ഒരു സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയാണ് അറസ്റ്റ് ചെയ്തത്. ഒരുമാസം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് വിദ്യാര്‍ത്ഥി പിടിയിലാകുന്നത്.
കനേഡിയന്‍ അശ്ലീല സൈറ്റിനാണ് വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും ചിത്രങ്ങളും ഫോണ്‍ നമ്പറുകളും കൈമാറിയത്. ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമായ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് ചിത്രങ്ങളും നമ്പരുകളും വിദ്യാര്‍ത്ഥി ശേഖരിച്ചത്. വിദേശത്ത് നിന്നും ഉത്തരേന്ത്യയില്‍ നിന്നും ഫോണ്‍കോളുകളും വാട്‌സാപ്പ് സന്ദേശങ്ങളും എത്തിയതോടെയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥി പിടിയിലാകുന്നത്.
ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഇരിക്കുന്ന വേഷത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ഫോട്ടോകളും നമ്പറുകളും പിടിയിലായ വിദ്യാര്‍ത്ഥി സൈറ്റിന് കൈമാറി. ഇതോടെ പ്രതി സ്‌കൂളില്‍ തന്നെയുള്ള വിദ്യാര്‍ത്ഥിയാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ വിദ്യാര്‍ത്ഥികളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥി പിടിയിലാകുന്നത്.
സൈറ്റിലുള്ള അപരിചതരുമായി ചാറ്റ് ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും ചിത്രങ്ങളും സന്ദേശങ്ങളും കൈമാറുകയും ആ ആള്‍ താന്‍ തന്നെയാണ് എന്ന തരത്തില്‍ കുട്ടി അപരിചിതരോട് ചാറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത് എന്റെ നമ്പറാണ്, എനിക്ക് മെസ്സേജ് അയക്കണമെന്നും നിങ്ങളാണെന്ന് ഉറപ്പു വരുത്താന്‍ വേണ്ടി ഞാന്‍ തന്നിരിക്കുന്ന ഫോട്ടോയും മെസേജും വാട്‌സാപ്പില്‍ അയക്കണമെന്നും വിദ്യാര്‍ത്ഥി ആവശ്യപ്പെടുകയായിരുന്നുവെന്ന് ഹൈ ടെക് സെല്‍ മേധാവി ഇ എസ് ബിജുമേനോന്‍ പറയുന്നു. വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് കൗണ്‍സിലിങ്ങിന് അയച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ചാറ്റ് സംവിധാനം ഒരുക്കുന്ന ഈ സൈറ്റിനെതിരെ റിപ്പോര്‍ട്ട് നല്‍കാന്‍ ഒരുങ്ങുകയാണ് സൈബര്‍ പൊലീസ്.