ലണ്ടന്‍: ഒടുവില്‍ ആ രഹസ്യം പുറത്തുവന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പേസര്‍ ജോഫ്ര ആര്‍ച്ചറുടെ കൈവിരലിലെ വേദനയ്ക്കു കാരണം ഒരു ചെറിയ ഗ്ലാസ് കഷണമായിരുന്നത്രെ! ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കിടെ കൈമുട്ടിലെ പരുക്കും വിരലിലെ വേദനയും മൂലം താരം ടീമില്‍ നിന്നു പുറത്തായിരുന്നു.
പിന്നീടു നടത്തിയ പരിശോധനയിലാണു നടുവിരലില്‍ തറച്ചു കയറിയ ഗ്ലാസ് കഷണം കണ്ടെത്തിയത്. ജനുവരിയില്‍ ആര്‍ച്ചറിന്റെ വീട്ടിലാണു സംഭവം. വൃത്തിയാക്കുന്നതിനിടെ, സ്വീകരണമുറിയിലെ അക്വേറിയം നിലത്തുവീണു പൊട്ടി. മത്സ്യക്കുഞ്ഞുങ്ങളെ എടുത്തുമാറ്റുന്നതിനിടെ താരത്തിന്റെ വലത്തേ കയ്യിലെ നടുവിരല്‍ ഗ്ലാസ് കൊണ്ട് മുറിഞ്ഞു.
മുറിവ് പിന്നീടു കരിഞ്ഞു. ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയിലും ട്വന്റി20യിലും ആര്‍ച്ചര്‍ കളിച്ചു. പരുക്കേറ്റു നാട്ടിലേക്കു മടങ്ങിയശേഷം നടത്തിയ പരിശോധനയിലാണു വിരലിനുള്ളില്‍ ഗ്ലാസ് കഷണം കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്തിയെങ്കിലും ഗ്ലാസ് കഷണം മുഴുവനായി പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല.