നെതർലൻഡ്സ് ദേശീയ ക്രിക്കറ്റ് ടീം നായകൻ പീറ്റർ സീലാർ വിരമിച്ചു. നിരന്തരമായ പരുക്കുകളാണ് താരം വിരമിക്കാൻ കാരണം. ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ നിന്നും താരം വിട്ടുനിന്നിരുന്നു. മത്സരത്തിൽ സ്കോട്ട് എഡ്വേഡ്സ് ആണ് ടീമിനെ നയിച്ചത്.
2020 മുതൽ താൻ പുറംവേദന കൊണ്ട് ബുദ്ധിമുട്ടുകയാണെന്നും അതുകൊണ്ട് തന്നെ തനിക്ക് മികച്ച പ്രകടനം നടത്താൻ കഴിയില്ലെന്ന് തോന്നിയതിനാലാണ് വിരമിക്കുന്നതെന്നും സീലാർ പറഞ്ഞു.
2006ൽ നെതർലൻഡിനായി അരങ്ങേറിയ താരമാണ് പീറ്റർ സീലാർ. ദേശീയ ജഴ്സിയിൽ 57 ഏകദിനങ്ങളും 77 ടി-20കളും കളിച്ച സീലാർ 2018ൽ ടീം ക്യാപ്റ്റനായി . 2009, 2014 ടി-20 ലോകകപ്പുകളിൽ ഇംഗ്ലണ്ടിനെ നെതർലൻഡ്സ് പരാജയപ്പെടുത്തിയപ്പോൾ സീലാർ ടീം അംഗമായിരുന്നു.