പത്തനംതിട്ട: തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായിട്ട് പമ്പ മുതല്‍ സന്നിധാനം വരെ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ടാണ് സന്നിധാനത്തെത്തുക.
ഉച്ചയ്ക്ക് പമ്പ ഗണപതി ക്ഷേത്രത്തില്‍ എത്തുന്ന ഘോഷയാത്ര വൈകിട്ട് മൂന്ന് മണിയോടെ സന്നിധാനത്തേക്ക് പുറപ്പെടും. ശരംകുത്തിയില്‍ വച്ച് ആചാരപൂര്‍വ്വം സ്വീകരണം നല്‍കും. തുടര്‍ന്ന് സന്നിധാനത്തേക്ക് ആനയിക്കും. കൊടിമരച്ചുവട്ടില്‍ ദേവസ്വം പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തിലേക്ക് കൊണ്ടുപോകും.
വൈകിട്ട് ആറരയ്ക്ക് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടക്കും. തങ്ക അങ്കി ഘോഷയാത്രാ സമയം മുതല്‍ ദീപാരാധന വരെ പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ മലകയറ്റി വിടില്ല. ദീപാരാധനയ്ക്ക് ശേഷമാണ് ദര്‍ശനം.