ഇസ്ലാമാബാദ്: പാക്കിസ്ഥാൻ എയർലൈൻസ് വീണ്ടും വിവാദത്തിൽ. വിമാനത്തിന്റെ കോക്പിറ്റിൽ ചൈനക്കാരിയായ യുവ യാത്രക്കാരിയെ പ്രവേശിപ്പിച്ചതാണ് പുതിയ വിവാദം. വിമാനം പറക്കുന്നതിനിടെ പൈലറ്റ് ഉറങ്ങാൻ പോയെന്ന വിവാദത്തിനു പിന്നാലെയാണ് അടുത്തത്.
ടോക്കിയോയിൽ നിന്നും ബെയ്ജിംഗിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. ക്യാപ്റ്റൻ ഷഹസാദ് അസീസ് ആണ് ചൈനക്കാരിയായ യുവതിയെ കോക്പിറ്റിലേക്ക് ക്ഷണിച്ചത്. സഹപൈലറ്റിനുള്ള സ്ഥലത്ത് ഇവരെ ഇരുത്തിയാണ് ഷഹസാദ് വിമാനം പറത്തിയത്. രണ്ടു മണിക്കൂറോളം സമയമാണ് ചൈനക്കാരി കോക്പിറ്റിൽ ചെലവഴിച്ചത്.
വിമാനത്താവളത്തിൽ വിമാനം എത്തിയ ശേഷമാണ് ഇവർ കോക്പിറ്റിൽ നിന്നും പുറത്തിറങ്ങിയത്. ഈ സമയമത്രയും ഒരു പൈലറ്റും ചൈനക്കാരിയും മാത്രമാണ് കോക്പിറ്റിൽ ഉണ്ടായിരുന്നത്.
സുരക്ഷാ കാരണങ്ങളാൽ വിമാനത്തിന്റെ കോക്പിറ്റിൽ യാത്രക്കാരെ അനുവദിക്കാറില്ല. ഇത് ലംഘിച്ചാണ് ചൈനക്കാരിക്ക് കോക്പിറ്റിൽ പൈലറ്റ് സുഖയാത്ര ഒരുക്കിയത്. സംഭവത്തോട് പ്രതികരിക്കാൻ ചൈനീസ് യുവതി തയാറായില്ല.