കൊല്ലം: കൊട്ടാരക്കരയില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലന്‍സ് മറിഞ്ഞ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പൊലീസ് ജീപ്പ് ഡ്രൈവര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും എതിരെയാണ് കേസ്. അപകടസമയത്ത് ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയുടെ ഭര്‍ത്താവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര പൊലീസാണ് കേസെടുത്തത്.
സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കേസ് നല്‍കാനായി കൊട്ടാരക്കര സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസ് ആക്ഷേപിച്ചെന്നായിരുന്നു ആരോപണം. സോപ്പുപെട്ടി പോലെയുള്ള വണ്ടിയാണോ ഓടിക്കുന്നതെന്നും മന്ത്രി പോകുന്ന വഴിയില്‍ എന്തിന് വണ്ടി കൊണ്ടുവന്നുവെന്നും പൊലീസ് ചോദിച്ചതായി നിതിന്‍ പറഞ്ഞു. തന്നെ പ്രതിയാക്കാനാണ് പൊലീസ് നീക്കമെന്നും നിതിന്‍ ഉന്നയിച്ചു.
ഇന്നലെ വൈകിട്ടാണ് കൊട്ടാരക്കരയില്‍ വച്ച് മന്ത്രിയുടെ പൈലറ്റ് വാഹനവും ആംബുലന്‍സും തമ്മില്‍ കൂട്ടിയിടിച്ചത്. നെടുമന്‍കാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് റെഫര്‍ ചെയ്ത രോഗിയെ കൊട്ടാക്കര ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പുലമണ്‍ സിഗ്‌നലില്‍ വച്ച് പൈലറ്റ് വാഹനം ഇടിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.