ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്.
നാരദ,ശാരദ എന്നീ കുംഭകോണങ്ങളിലൂടെ കള്ളപ്പണം ശേഖരിച്ചവരാണ് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍. അതുകൊണ്ട് തന്നെ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഒരു പ്രക്ഷോഭത്തിനും സിപിഎം ഇല്ലെന്ന് വൃന്ദ കാരാട്ട് പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ തീരുമാനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ കണ്ണീരൊപ്പാനാണ് സിപിഎമ്മിന്റെ ശ്രമം. പ്രധാനമന്ത്രി ഇന്നലെ നടത്തിയ വൈകാരിക പ്രസംഗം വെറും നാടകമാണ്. പ്രധാനമന്ത്രി മോദിയുടെ കണ്ണീര്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് പ്രശ്‌നമല്ലെന്നും വൃന്ദ കാരാട്ട് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രത്തിന്റെ നടപടികള്‍ക്കെതിരെ സഖ്യമെന്ന ആവശ്യം തൃണമൂലാണ് ആദ്യം മുന്നോട്ട് വെച്ചത്. പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ സിപിഐഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും ഒരുമിച്ച് നില്‍ക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.കോണ്‍ഗ്രസ്, സമാജ്‌വാദി, ബിഎസ്പി എന്നീ പാര്‍ട്ടികളും ഒന്നിച്ച് നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.