തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള യാത്രയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്ത്യയാത്രയാണ് നവകേരള യാത്ര. സാധാരണ കെ എസ് ആര്‍ ടി സി ബസ് ആണ് പ്രമുഖര്‍ അന്ത്യയാത്രയ്ക്കായി ഉപയോഗിക്കുന്നത് എന്നായിരുന്നു കെ സുരേന്ദ്രന്റെ രൂക്ഷപ്രതികരണം.
നെല്‍കര്‍ഷകര്‍ക്ക് വിറ്റനെല്ലിന്റെ കുടിശ്ശിക കൊടുക്കാനുണ്ട്, എന്തുകൊണ്ടാണ് തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന വിഹിതം മുടങ്ങിയത്. എന്തുകൊണ്ടാണ് ഉച്ചക്കഞ്ഞി മുടങ്ങുന്നത്. എന്തുകൊണ്ടാണ് അംഗന്‍വാടികളിലെ പോഷന്‍ അഭിയാന്‍ മുടങ്ങുന്നത്. ലൈഫ് മിഷനില്‍ വീടുകള്‍ക്ക് അപേക്ഷ കൊടുത്തവരെ കാണാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ. ഇതുപോലുള്ള നൂറ് നൂറ് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ടതുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന യാത്ര ഒരു പ്രഹസനമാണ്. കോടികള്‍ ചെലവഴിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. വലിയ പിരിവും നടത്തുന്നുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിലും 3-4 കോടി വരെ പിരിക്കാനുള്ള ലക്ഷ്യമാണ് കൊടുത്തിരിക്കുന്നത്. ഇതിന്റെ മറവില്‍ തിരഞ്ഞെടുപ്പിന് കാശ് പിരിക്കാനുള്ള ഉദ്ദേശമാണ്. ഏത് നിലയ്ക്ക് നോക്കിയാലും നവകേരള യാത്ര ഒരുപാഴ് യാത്രയാണ്. യാത്രയില്‍ നിന്നും മുഖ്യമന്ത്രി പിന്മാറണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.