‘കോൺഗ്രസിനെ തകർക്കാൻ ആർഎസ്എസ്സിനെ കൂട്ടുപിടിച്ചയാളാണ് പിണറായി’ – വിഡി സതീശൻ

തിരുവനന്തപുരം: കോണ്‍ഗ്രസിന് കേരളത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത് എല്‍ഡിഎഫിന്റെ കരുത്തുകൊണ്ടാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ത്രിപുരയില്‍ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നാണ് സിപിഎമ്മിനെ പരാജയപ്പെടുത്തിയതെന്ന് പറഞ്ഞ മുഖ്യമന്ത്രി 1977-ല്‍ ആര്‍എസ്എസിന്റെ വോട്ടുകൂടി വാങ്ങിയാണ് നിയമസഭയിലെത്തിയതെന്ന് സതീശന്‍ ആഞ്ഞടിച്ചു.

ആര്‍എസ്എസിനൊപ്പം ചേർന്ന് കോണ്‍ഗ്രസ് പ്രവർത്തിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി ആര്‍എസ്എസ് നേതാക്കളുമായി വേദി പങ്കിട്ട് ചര്‍ച്ചനടത്തി കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ പുറപ്പെട്ടവരാണ്. ഏത് ചെകുത്താന്റെ കൂടെ കൂട്ടുകൂടിയിട്ടാണെങ്കിലും കോണ്‍ഗ്രസിനെ തോല്‍പ്പിക്കണം എന്നുപറഞ്ഞ് ഒരുമിച്ച് ഒരേ വേദിയില്‍ പ്രസംഗിച്ച് പിണറായി വിജയനെ വിജയിപ്പിക്കണമെന്ന് ആര്‍എസ്എസുകാര്‍ പറഞ്ഞിട്ടുണ്ട്. ഇവിടെ ഒരു കോണ്‍ഗ്രസുകാരനും ഒരു യുഡിഎഫുകാരനും ആര്‍എസ്എസ് വോട്ട് വാങ്ങി വിജയിച്ചിട്ടില്ല.

80 ശതമാനം ബോംബ് സ്‌ഫോടന കേസുകളും ഒരു തുമ്പും ഇല്ലാതെയും പ്രതികളെ പിടികൂടാതെയും അവസാനിക്കുന്നു. നിരപരാധികള്‍ പോലും ബോംബ് പൊട്ടി മരിക്കുന്നു. ഒരു കേസിലും ഒരു തുമ്പും ഇല്ല. ബോംബ് കേസുകളില്‍ പ്രതിയായ ഒരു സിപിഎം പ്രവര്‍ത്തകനെ പോലും പിടികൂടിയിട്ടില്ല. നിങ്ങള്‍ ഭരിക്കുമ്പോള്‍ അത് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ എന്തുകൊണ്ടാണ് ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകരെ ബോംബ് കേസില്‍ പിടികൂടാത്തതെന്നും സതീശന്‍ ചേദിച്ചു.കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച വേദിക്ക് സമീപം ബോംബെറിഞ്ഞതില്‍ കേസെടുത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി അതില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്തതായി പറയാന്‍ കഴിയുമോയെന്നും സതീശന്‍ ചോദിച്ചു.  മട്ടന്നൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചത് സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത് നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോകുകയും ചെയ്തു.കേരളത്തില്‍ ബോംബ് നിര്‍മാണത്തിലേര്‍പ്പെട്ടതിന്റെ ഭാഗമായും ബോംബ് ആക്രമണത്തിലും നിരവധി പേര്‍ മരിച്ചിട്ടുണ്ട്. നിരവധി പേരുടെ വീടുകള്‍ക്ക് നേരെ അക്രമം ഉണ്ടായി. നരപരാധികളായ കുട്ടികളും സ്ത്രീകളും പോലും ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. കേസെടുത്തുവെങ്കിലും ഒരാളെ പോലും അറസ്റ്റ് ചെയ്യുന്നില്ല. ഈ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യാന്‍ മാത്രമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു.

Top