pinarai vijayan statement

തിരുവനന്തപുരം: കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യം നമ്മള്‍ യാത്ഥകമാക്കിയതുപോലെ കടലിലെ മത്സ്യസമ്പത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് എന്ന മുദ്രാവാക്യം ഉയരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച മത്സ്യസമ്പത്ത് സംരക്ഷണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമ്പന്നരായര്‍ക്ക് വന്‍ മുതല്‍ മുടക്കുനടത്തി കപ്പലും യന്ത്രയാനങ്ങളും ഉപയോഗിച്ച് മത്സ്യത്തൊഴിലാളികളുടെ തൊഴിലിടം കൈയടക്കുകയാണ്. ഈ കിടമത്സരം അവസാനിപ്പിക്കണം. പിടിച്ചു കൊണ്ടുവരുന്ന മത്സ്യത്തിന്റെ ആദ്യവില്പനാവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കണമെന്നും ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

1980ലെ കേരള സമുദ്ര മത്സ്യബന്ധന നിയമം സര്‍ക്കാര്‍ കാലോചിതമായി പരിഷ്‌കരിക്കും. ട്രോളിംഗ് നിരോധനത്തിനപ്പുറം മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ നടപടികളുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കും.

മത്തി, നത്തോലി, അയല തുടങ്ങിയ ഉപരിതലമത്സ്യസമ്പത്തിന്റെ ലഭ്യതയെ കാലാവസ്ഥാ വ്യതിയാനം ബാധിച്ചിരിക്കുകയാണ്. ഇത് നേരിടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും.

ചൈന അക്വാകള്‍ച്ചര്‍ വികസനം നടത്തിയതുപോലെ ഉള്‍നാടന്‍ മത്സ്യക്കൃഷി ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കണം. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കണമെന്ന മുരാരി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആദിവാസികഴിഞ്ഞാല്‍ കേരളത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിഭാഗം മത്സ്യത്തൊഴിലാളികളാണ്. ഉദാരവത്കരണ നയങ്ങള്‍ ആഗോള ഭീമന്മാര്‍ക്ക് കടല്‍സമ്പത്ത് തുറന്നിട്ടുകൊടുത്തതാണ് ഈ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.

ബോട്ട് നിര്‍മ്മാണത്തിനും മത്സ്യബന്ധനത്തിനും ഇപ്പോഴുള്ള നിയന്ത്രണമില്ലായ്മ അവസാനിപ്പിക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ബോട്ട് യാര്‍ഡുകള്‍ക്കും വള്ളങ്ങള്‍ക്കും ലൈസന്‍സ് കര്‍ശനമാക്കും. ചെറുമത്സ്യങ്ങള്‍ പിടിക്കുന്നത് കര്‍ശനമായി തടയും. വിദേശ കപ്പലുകളുടെ കടന്നുകയറ്റം കോസ്റ്റുഗാര്‍ഡിന്റെ സഹായത്തോടെ തടയാനുള്ള നടപടികള്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു

Top