തിരുവനന്തപുരം: എന്‍.ഡി.എയിലേയ്ക്ക് പോകാനുള്ള കെ.എം. മാണിയുടെ നീക്കം കേരള കോണ്‍ഗ്രസിന്റെ സര്‍വ്വനാശത്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാണി യു.ഡി.എഫ്. വിട്ടത് സ്വാഭാവികമാണെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പിണറായി പറഞ്ഞു.
മാണി പോയതോടെ യു.ഡി.എഫിന്റെ പൂര്‍ണ നാശമാണ് സംഭവിച്ചത്. മൂന്ന് തൂണുകളിലാണ് യു.ഡി.എഫ് നിന്നിരുന്നത്. അതില്‍ ഒരു തൂണായ കേരള കോണ്‍ഗ്രസ് പുറത്തു പോയതോടെ യു.ഡി.എഫിന്റെ തകര്‍ച്ച പൂര്‍ണമായി.
തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ്. തകരുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നെന്നും അത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്നും പിണറായി പറഞ്ഞു.
ആര്‍.എസ്.എസില്‍ നന്മ കാണുകയാണ് ഇപ്പോള്‍ കെ.എം. മാണി. എന്‍.ഡി.എയില്‍ ചേരാനുള്ള പുതിയ നീക്കങ്ങള്‍ കേരള കോണ്‍ഗ്രസിന്റെ സര്‍വ്വ നാശത്തിലാണ് കലാശിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റ് ഇത്രയുമായിട്ടും സര്‍ക്കാരിനെതിരെ ഒന്നും പറയാനില്ലാതെ വന്നതുകൊണ്ടാണ് ഇപ്പോള്‍ പ്രതിപക്ഷം സെക്രട്ടറിയേറ്റിനു മുന്നില്‍ സമരവുമായെത്തിയിരിക്കുന്നത്. യു.ഡി.എഫിലും കോണ്‍ഗ്രസിലുമുള്ള പ്രശ്‌നങ്ങളില്‍നിന്ന് മുഖം രക്ഷിക്കാനാണിതെന്നും പിണറായി പറഞ്ഞു.