തിരുവനന്തപുരം : എന്തും ചെയ്യാന്‍ അധികാരമുള്ളവരല്ല പൊലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരത്തില്‍ പെരുമാറുന്നവര്‍ക്ക് സര്‍വീസില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കി
പൊലീസ് സ്റ്റേഷനുകളില്‍ തെറിവിളികളും മര്‍ദ്ദനവും വേണ്ടന്നും, ദുഷ്‌പേര് കേള്‍പ്പിക്കുന്നവരെ സംരക്ഷിക്കില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പൊലീസ് സ്റ്റേഷനും ഇടം പിടിച്ചിരുന്നു. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലായിരുന്നു അംഗീകാരം. പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് വളപട്ടണം. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് മികച്ച സ്റ്റേഷനുകളുടെ പട്ടിക പുറത്തുവിട്ടിരുന്നത്. ഈ അംഗീകാരം നേടിയ കേരളത്തിലെ ആദ്യ പൊലീസ് സ്റ്റേഷനാണ് വളപട്ടണം.
കുറ്റാന്വേഷണമികവ്, ക്രമസമാധാനപരിപാലനരംഗത്തെ ജാഗ്രത, കേസുകള്‍ കൈകാര്യം ചെയ്ത രീതി, ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധം, ശുചിത്വം തുടങ്ങി മുപ്പതോളം ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മികച്ച പോലീസ് സ്റ്റേഷനുകള്‍ തിരഞ്ഞെടുത്തത്.
മികച്ച നേട്ടം കൊയ്ത കേരളാ പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു കേരളത്തിലെ പൊലീസ് സേനക്കാകെ അഭിമാനിക്കാവുന്ന നേട്ടമാണ് വളപട്ടണത്തിന്റേതെന്നും അദ്ദേഹം പറഞ്ഞിരുന്നു.