തിരുവനന്തപുരം: ആര്‍.എസ്.എസുമായും കേന്ദ്ര സര്‍ക്കാറുമായും ഏറ്റുമുട്ടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് തിരിച്ചടിച്ച് ഇടതു സര്‍ക്കാര്‍ . .
പയ്യോളി മനോജ് വധക്കേസില്‍ സംസ്ഥാന പൊലീസിനെ പോലും അറിയിക്കാതെ സി.പി.എം നേതാക്കളെ അറസ്റ്റ്‌ചെയ്ത് കൊണ്ടുപോയ സി.ബി.ഐയുടെ നീക്കത്തിന് തൊട്ട് പിന്നാലെയാണ് സി.പി.എമ്മും നിലപാട് കടുപ്പിച്ചിരിക്കുന്നത്.
ആര്‍.എസ്.എസ് അഖിലേന്ത്യാ മേധാവി മോഹന്‍ ഭാഗവത് പങ്കെടുത്ത പരിപാടിക്ക് മേലെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കൈ വച്ചിരിക്കുന്നത്.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ക്കശ നിര്‍ദേശത്തെതുടര്‍ന്നാണിത്.
വിദ്യാഭ്യാസമേഖലയില്‍ വര്‍ഗീയ ഇടപെടല്‍ അനുവദിക്കില്ല, വിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കും എതിരെയാണ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.
ക്രിമിനല്‍ കേസ് നിലനില്‍ക്കുമോ എന്ന് പരിശോധിക്കാന്‍ പൊലീസ് മേധാവിക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തേ, ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവത് എയ്ഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്താന്‍ പാടില്ലെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.
എയ്ഡഡ് സ്‌കൂളില്‍ ജനപ്രതിനിധിക്കോ പ്രധാനാധ്യാപകനോ പതാക ഉയര്‍ത്താമെന്ന് ജില്ലാകളക്ടര്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നു.ഈ അറിയിപ്പ് വകവെക്കാതെയാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്.
കൂടാതെ ചടങ്ങില്‍ ദേശീയഗാനമായ ജനഗണമന ചൊല്ലിയില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. പകരം ദേശീയഗീതമായ വന്ദേമാതരമാണ് ഇവിടെ ആലപിച്ചത്. ഇത് നാഷണല്‍ ഫ്‌ളാഗ് കോഡിന്റെ ലംഘനമാണെന്നും പരാതി ഉയര്‍ന്നിരുന്നു.
ആര്‍എസ്എസ് ആഭിമുഖ്യമുളള മാനെജ്‌മെന്റിന്റെ നിയന്ത്രണത്തിലുളള സ്‌കൂളിലാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്. സ്‌കൂള്‍ മാനെജ്‌മെന്റിനെതിരെ കേസെടുത്തതിന് ശേഷം അനുകൂലമായ നിയമോപദേശം കിട്ടിയാല്‍ മോഹന്‍ ഭാഗവതിനേയും പ്രതിയാക്കുമെന്നാണ് സൂചന.
രാജ്യത്തിന്റെ പ്രധാനമന്ത്രിയും, രഷ്ട്രപതിയും ആരാകണമെന്ന് തീരുമാനിച്ച ആര്‍.എസ്.എസ് മേധാവി കമ്മ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന കേരളത്തില്‍ പ്രതിയാകുകയാണെങ്കില്‍ അത് രാജ്യത്തെതന്നെ ഞെട്ടിക്കുന്ന സംഭവമായിരിക്കും.
സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും , സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശും വ്യക്തമാക്കി.
ഇതിനിടെ മുഖ്യമന്ത്രിക്ക് വധഭീഷണിയും ഇപ്പോള്‍ എത്തിയിട്ടുണ്ട്. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ഭീഷണി സന്ദേശം എത്തിയത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വിരട്ടലൊന്നും ഇവിടെ നടക്കില്ലന്നാണ് ഭീഷണിയെക്കുറിച്ച് ചോദിച്ചപ്പോള്‍ സിപിഎം നേതൃത്വം പ്രതികരിച്ചത്.