തിരുവനന്തപുരം : ഏതുതരം ഭക്ഷണം കഴിക്കുന്നതിനും നാട്ടുകാര്‍ക്കോ വിദേശികള്‍ക്കോ കേരളത്തില്‍ വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ, അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഓണം മറ്റൊരു ആഘോഷമായും താരതമ്യം ചെയ്യാനാകില്ല, കാരണം, അത് മതത്തിനും ജാതിക്കും അതീതമായി നാടിന്റെ ഉത്സവമാണ്. ഓണത്തിന്റെ ഭക്ഷണത്തിനും മലയാളിയുടെ സംസ്‌കാരത്തില്‍ വലിയ പ്രാധാന്യമുണ്ട്. തെക്കന്‍ കേരളത്തില്‍ പൂര്‍ണമായും സസ്യഭക്ഷണമാണ് ഓണസദ്യയ്‌ക്കെങ്കില്‍ വടക്കന്‍ കേരളത്തില്‍ മാംസഭക്ഷണം കൂടാതെ ഓണസദ്യ പൂര്‍ണമാകില്ല. ഭക്ഷണത്തിന്റെ കാര്യത്തിലെ ഈ സവിശേഷത കേരളസമൂഹത്തിന്റെ ജനാധിപത്യ വത്കരണത്തിലൂടെ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
ഏതുതരം ഭക്ഷണവും കഴിക്കുന്നതിനും നാട്ടുകാര്‍ക്കോ വിദേശികള്‍ക്കോ ഒരു വിലക്കും കേരളത്തിലില്ല. സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ, അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യമാണ്. അത് അനുവദിക്കാന്‍ മാത്രം ആധുനികവും മതേതരവും ആയ ഒരു ജനാധിപത്യ സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നതില്‍ അഭിമാനിക്കാമെന്നും ആ സാംസ്‌കാരിക സവിശേഷത കാത്തു സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ഓണത്തെ അപമാനിച്ചുവെന്ന് കാണിച്ച് നടി സുരഭി ലക്ഷ്മിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടന്നിരുന്നു തിരുവോണദിവസം ഒരു ചാനലില്‍ അവതരിപ്പിച്ച പരിപാടിയില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ചാണ് നടിയ്‌ക്കെതിരെ ചിലര്‍ രംഗത്തെത്തിയത്.