തിരുവനന്തപുരം: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മുരുകന്റെ കുടുംബം മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. മുരുകന്റെ ഭാര്യ മുരുകമ്മാളും, സഹോദരിയും അടക്കമുള്ളവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
മുരുകന്റെ കുടുംബത്തിന് സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കുമെന്ന് ഉറപ്പാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി കുടുംബത്തിനുണ്ടായ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അറിയിച്ചു. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇത്തരം ദുരനുഭവം ഭാവിയില്‍ ആര്‍ക്കും ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും അത്യാഹിതങ്ങളുണ്ടാകുമ്പോള്‍ തീവ്രപരിചരണം ഉറപ്പാക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ മരണപ്പെട്ട തിരുനല്‍വേലി സ്വദേശി മുരുകന്റെ കുടുംബം കാണാനെത്തി. ഭാര്യ മുരുകമ്മയും രണ്ട് മക്കളും ബന്ധുക്കളുമാണ് വന്നത്. സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കി. മുരുകന്റെ കുടുംബത്തിനുണ്ടായ ദുഖത്തില്‍ പങ്കുചേരുന്നു. ഇത്തരം ദുരനുഭവം ഭാവിയില്‍ ആര്‍ക്കും ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കും. അത്യാഹിതങ്ങളുണ്ടാകുമ്പോള്‍ തീവ്രപരിചരണം ഉറപ്പാക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും.