ന്യൂഡല്‍ഹി: പൊമ്പിളൈ ഒരുമൈ കൂട്ടായ്മക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ എം എം മണിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. മണിയുടെ പ്രസ്താവന ശരിയായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകളുടെ സമരമാണ് പൊമ്പിളൈ ഒരുമൈ നടത്തിയത്. അത്തരത്തിലാണ് ആ സമരത്തെ കാണേണ്ടിയിരുന്നത്. മണിയുമായി ഇക്കാര്യം സംസാരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആര്‍ക്കും എന്തും വിളിച്ചു പറയാമെന്ന സമീപനം നല്ലതല്ലെന്ന് മന്ത്രി എ കെ ബാലനും പ്രതികരിച്ചിരുന്നു. മന്ത്രി എന്ന നിലയില്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് എം എം മണി പറഞ്ഞതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. പരാമര്‍ശം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
‘സമരം നടക്കുമ്പോള്‍ പൊമ്പിളൈ ഒരുമൈ കാട്ടില്‍ വേറെ പരിപാടിയിലായിരുന്നു. ഒരു ഡിവൈഎസ്പിയും ഉണ്ടായിരുന്നു. എല്ലാരും കൂടെ കൂടി.. ഇതൊക്കെ ഞങ്ങള്‍ക്ക് അറിയാം. പലതും കേള്‍ക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല’ എന്ന മണിയുടെ പരാമര്‍ശമാണ് വിവാദമായത്.
ഇതിനിടെ പൊമ്പിളൈ ഒരുമൈയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി എം.എം മണി രംഗത്തെത്തി. പ്രസംഗത്തില്‍ സ്ത്രീകളെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ആരുടെയും പേരരെടുത്തു പറഞ്ഞിട്ടില്ലെന്നും മണി പറഞ്ഞു.
തെറ്റിദ്ധരിക്കപ്പെട്ടതില്‍ ദു:ഖമുണ്ട്. പൊമ്പിളൈ ഒരുമൈയുടെ പ്രതിഷേധം ആരോ ഇളക്കിവിട്ടതാണ്. പ്രസംഗം എഡിറ്റ് ചെയ്തതായി സംശയമുണ്ട്. പ്രത്യേക അജണ്ടയോടെയുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും മണി അറിയിച്ചു.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഖേദപ്രകടനം.
കേരളത്തിലെ സ്ത്രീകളെ മൊത്തത്തില്‍ അപമാനിച്ച മണി നേരിട്ടെത്തി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ സമരം തുടരുകയാണ്.