തിരുവനന്തപുരം: ഗുണ്ടകളെ പിടികൂടി തുറങ്കിലടക്കാൻ മുഖ്യമന്ത്രി പിണറായി നിർദ്ദേശം നൽകിയതോടെ പൊലീസ് നടപടി ശക്തമാക്കി.
ഗുണ്ടകളുടെ വസതികളിലും ക്യാംപ് ചെയ്യുന്ന സ്ഥലങ്ങളിലുമെല്ലാം പൊലീസ് രാത്രിയോടെ റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. ചിലർ ഇതിനകംതന്നെ പിടിയിലായിട്ടുണ്ട്. വാറണ്ട് കേസുകളിൽ പ്രതികളായ ഗുണ്ടകളെയാണ് ആദ്യം പൊക്കുന്നത്.
സംസ്ഥാന ഇന്റലിജൻസ് തയ്യാറാക്കിയ ലിസ്റ്റിൽ 2010 ഗുണ്ടകളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഈ ലിസ്റ്റിൽ പെടാത്ത വാറണ്ട് കേസുകളിലെ ഗുണ്ടകളെയും കൂടി ചേർക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ ഗുണ്ടാ വേട്ടയായി ഇത് മാറും.
ഗുണ്ടകളുടെയും ശിങ്കിടികളുടെയും മൊബൈൽ ടവർ ലൊക്കേഷൻ നോക്കിയാണ് പൊലീസ് റെയ്ഡ്. ഇതിനായി പ്രത്യേക സ്ക്വാഡുകൾ തന്നെ രംഗത്തുണ്ട്. അത്യാവശ്യമെന്ന് കണ്ടാൽ എ ആർ ക്യാംപുകളിൽ നിന്നും പൊലീസിനെ വിട്ടു നൽകാനും നിർദ്ദേശമുണ്ട്.
മുപ്പത് ദിവസത്തിനള്ളിൽ നടപടി സ്വീകരിച്ചിരിക്കണമെന്ന കർക്കശ നിർദ്ദേശമുള്ളതിനാൽ പൊലീസും ഉഷാറായിട്ടുണ്ട്. ഗുണ്ടകൾക്കെതിരെ കാര്യക്ഷമമായ നടപടിയില്ലാത്ത മേഖലകളിലെ പൊലീസുദ്യോഗസ്ഥരെ ഉടൻ സ്ഥലം മാറ്റം. ഒരു മാസത്തിനു ശേഷം നടപടികൾ അവലോകനം ചെയ്ത് സർക്കാറിന് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി.അതേസമയം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഉദ്യോഗസ്ഥർക്ക് റിവാർഡ് നൽകുന്ന കാര്യവും സർക്കാർ പരിഗണനയിലാണ്.
ഇപ്പോഴത്തെ ലിസ്റ്റ് പ്രകാരം ഏറ്റവും കൂടുതൽ ഗുണ്ടകൾ ഉള്ളത് ആലപ്പുഴ ജില്ലയിലാണ് 336 പേർ, രണ്ടാം സ്ഥാനത്ത് കണ്ണൂരാണ് 305 പേർ. തിരുവനന്തപുരം സിറ്റിയിൽ 226 പേരും എറണാകുളം സിറ്റിയിൽ 85 പേരുമാണുള്ളത്. ഏറ്റവും കുറവ് ഗുണ്ടകൾ ഉള്ളത് കൊല്ലത്താണ് 17 പേർ.
പൊലീസ് നടപടി തുടങ്ങിയതോടെ ഗുണ്ടകൾ ഇപ്പോൾ പരക്കം പായാൻ തുടങ്ങിയിട്ടുണ്ട്.
പലരും മുഖ്യമന്ത്രിയുടെ നിർദ്ദേശം പുറത്ത് വന്നപ്പോൾ തന്നെ സ്ഥലം വിട്ടതായാണ് സൂചന.
തമിഴ്നാട്, കർണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലേക്കാണ് മിക്കവരുടെയും പാലയാനമത്രെ.
എന്നാൽ സംസ്ഥാനത്തിന് പുറത്ത് കടന്നാലും അവിടെ ചെന്ന് പിടിച്ചു കൊണ്ട് വന്ന് കാപ്പ ചുമത്തി ജയിലിലടക്കാനാണ് പൊലീസിന്റെ തീരുമാനം.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഇതിനകം തന്നെ കൊടും ക്രിമിനലുകൾ ഉൾപ്പെടെ അഞ്ചു പേർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. പ്രധാന പ്രതി സുനിലിന്റെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയ ശേഷം വിപുലമായ ഗുണ്ടാ വേട്ടക്ക് കൊച്ചി പൊലീസും കൂടുതൽ സജീവമാകും.
ഇതിനിടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പുത്തന്‍ പാലം രാജേഷിനെതിരെ പൊലീസ് കാപ്പ ചുമത്തി.
സ്‌ഫോടക വസ്തുക്കളുമായി നേരത്തെ അറസ്റ്റിലായ പുത്തന്‍ പാലം രാജേഷ് ഇപ്പോള്‍ തിരുവനന്തപുരം സബ് ജയിലില്‍ റിമാന്‍ഡിലാണ്. ജാമ്യത്തിലിറങ്ങാന്‍ സാധ്യത ഉണ്ടെന്ന് മുന്‍കൂട്ടി കണ്ടാണ് ഇപ്പോള്‍ ഗുണ്ടാ വിരുദ്ധ നിയമം കൂടി ചുമത്തിയത്. ഇതോടെ ഇനി 6 മാസത്തേക്ക് ജാമ്യം ലഭിക്കില്ല .
കൊലപാതകവും, വധശ്രമവും അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് തിരുവനന്തപുരം പുത്തന്‍പാലം സ്വദേശിയായ രാജേഷ് അടുത്തിടെ നടന്ന നിരവധി പ്രമാധമായ കൊലക്കേസുകളിലും രാജേഷിന്റെ സംഘാഗങ്ങള്‍ പ്രതികളായിരുന്നു.