തിരുവനന്തപുരം: ജിഷ്ണു കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ച ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നു പ്രതിപക്ഷ നേതാവ് പോലും പറഞ്ഞിട്ടില്ലെന്നും വീഴ്ചയുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടാന്‍ ചെന്നിത്തല തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ജിഷ്ണു കേസില്‍ സര്‍ക്കാരിനു തെറ്റുപറ്റിയിട്ടില്ല. ആഭ്യന്തര വകുപ്പിനു തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തും. തെറ്റില്ലാതെ ആര്‍ക്കുമെതിരെ നടപടിയെടുക്കില്ല.
കോണ്‍ഗ്രസിനും ബി.ജെ.പിക്കും വളരെ വേണ്ടപ്പെട്ടവരാണ് സംഭവത്തില്‍ ഉള്‍പ്പെട്ട കോളജിന്റെ മാനേജ്‌മെന്റിലുള്ളതെന്നും പിണറായി വിജയന്‍ ആരോപിച്ചു. ജിഷ്ണുവിന്റെ ആത്മഹത്യ യു.ഡി.എഫ് ഭരണകാലത്ത് ആയിരുന്നെങ്കില്‍, ഈ കോളേജിനെതിരെ ഒരു കേസുപോലും ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ദുഷിപ്പിച്ച ഉദ്യോഗസ്ഥരെ തിരുത്തി നേരെയാക്കാന്‍ സമയമെടുക്കും. ദുരാഗ്രഹികളുടെ താല്‍പര്യത്തിനു സര്‍ക്കാര്‍ നിന്നു കൊടുക്കില്ല. സര്‍ക്കാര്‍ ഭരണം തുടങ്ങി ഒരു വര്‍ഷം കഴിയുമ്പോഴേയ്ക്കും ചിലര്‍ക്കു വേവലാതി തുടങ്ങിയെന്നും പിണറായി പറഞ്ഞു.
ജനമധ്യത്തില്‍ സര്‍ക്കാരിനെ ഇടിച്ചുതാഴ്ത്താന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിനെ അപമാനിക്കുന്ന ഇത്തരം വക്രബുദ്ധികള്‍ക്കു മുന്നില്‍ ചൂളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.