അവലോകന യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല ; കുട്ടനാട് സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല

Pinarayi-vijayan

കുറ്റനാട് : പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയില്‍ എത്തി. ആലപ്പുഴയില്‍ അവലോകനയോഗത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാതെ മടങ്ങും. നിലവിലെ പരിപാടിയില്‍ മുഖ്യമന്ത്രിയുടെ കുട്ടനാട് സന്ദര്‍ശനം ഉള്‍പ്പെടുത്തിയിട്ടില്ലന്നാണ് ലഭിക്കുന്ന വിവരം.

കുട്ടനാട് സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രതികരണം

അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ ഏഴ് മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. അതേസമയം യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രിമാര്‍ അറിയിച്ചു. രാഷ്ട്രീയ പാപ്പരത്തമാണ് പ്രതിപക്ഷത്തിന്റെതെന്ന് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ ഭരണകൂടത്തിനും പൊലീസിനും അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല.
ആലപ്പുഴയില്‍ അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

ആലപ്പുഴയിലെ പ്രളയമേഖലകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. ഇത് വിവാദമായതോടെ മുഖ്യമന്ത്രി കുട്ടനാട്ടില്‍ എത്തുമെന്ന് മന്ത്രിമാര്‍ പിന്നീട് അറിയിച്ചിരുന്നതാണ്. കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ജില്ലയിലെ മൂന്നുമന്ത്രിമാരും സ്ഥലം എംഎല്‍എയും എത്താത്തതു കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

മന്ത്രി ജി. സുധാകരന്‍ ആദ്യമായി വെള്ളപ്പൊക്കം ദുരിതം വിതച്ച പ്രദേശങ്ങളില്‍ വന്നത് കേന്ദ്രമന്ത്രിക്കൊപ്പമായിരുന്നു. സ്വന്തം വീടുള്‍പ്പെടുന്ന പ്രദേശമായിട്ടും തോമസ് ചാണ്ടി തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

Top