pinaray vijayan-jacob thomas issue-finance report

തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ധനകാര്യ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് വേണ്ടത്ര കൂടിയാലോചനയില്ലാതെ തുറമുഖ വകുപ്പിന് നടപടിക്കായി സമര്‍പ്പിച്ച നടപടിയില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി.

ഐ.എ.എസ് തലപ്പത്ത് നടന്ന ഇത്തരം നീക്കങ്ങള്‍ വളരെ ഗൗരവപരമായാണ് മുഖ്യമന്ത്രി കാണുന്നത്. ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡന്റ് അടക്കമുള്ള ഉന്നതര്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുന്‍കൈ എടുത്ത് കേസെടുത്ത് കര്‍ക്കശമായ നിലപാടുമായി മുന്നോട്ടു പോവുന്നതാണ് ഒരു വിഭാഗം ഐ.എ.എസുകാരെ ചൊടിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ധനകാര്യ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നതിനായി വിവരാവകാശ പ്രകാരം വിവരങ്ങള്‍ കൈമാറിയതും വ്യക്തമായ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സര്‍ക്കാരിന്റെ പരിഗണനയിലുള്ള ഇത്തരം കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ മിക്കതും വിവരാവകാശ പ്രകാരം ആര് ചോദിച്ചാലും പല വകുപ്പുകളും നിലവില്‍ നല്‍കാറില്ല.

റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാരിനെയും ജേക്കബ് തോമസിനെയും പ്രതിരോധത്തിലാക്കുക എന്നതായിരുന്നുവത്രെ തന്ത്രം.

മലബാര്‍ സിമന്റ്‌സ് എം.ഡി യായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നിയമനത്തിനുവേണ്ടി ചരട് വലിച്ച ഉന്നത ഉദ്യോഗസ്ഥനും ഇപ്പോഴത്തെ ജേക്കബ് തോമസിനെതിരായ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്.

പത്മകുമാറിന്റെ നിയമനം തന്നെ വഴിവിട്ടതായതിനാല്‍ വിജിലന്‍സ് പിടിമുറുക്കിയാല്‍ ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥനും കുരുക്കിലാവുമെന്നതും ഉന്നത കേന്ദ്രങ്ങളുടെ ഉറക്കം കെടുത്തിയിരുന്നു. ഇതിനു പിന്നാലെ മൂന്ന് ഐ.എ.എസുകാര്‍ മുഖ്യമന്ത്രിയെ കണ്ട് തങ്ങള്‍ക്കെതിരെ കേസുകളും അറസ്റ്റും പാടില്ലെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

പത്മകുമാറിനെതിരായ വിജിലന്‍സിന്റെ അന്വേഷണ ഫയല്‍ തനിക്ക് കാണണമെന്ന് വ്യവസായസെക്രട്ടറി പോള്‍ആന്റണി ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോയോടും ആവശ്യപ്പെട്ടിരുന്നു. കെ.എം. മാണിക്കെതിരായ കോഴിക്കോഴ, നികുതിയിളവ് വിവാദങ്ങളിലും ധനവകുപ്പ് അഡി. ചീഫ് സെക്രട്ടറിക്കെതിരെ അന്വേഷണം നീണ്ടതോടെ ജേക്കബ് തോമസിനെതിരായ നീക്കം ധ്രുതഗതിയിലാവുകയായിരുന്നു

ഇതിനിടെ മുന്‍മന്ത്രി കെ. ബാബുവിന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് ലോക്കര്‍ പരിശോധിക്കുന്നതുടക്കമുള്ള വിജിലന്‍സ് നീക്കം ചേര്‍ന്നതിന് പിന്നില്‍ ഇന്റലിജന്‍സിലെ ഉന്നത ഇടപെടലുണ്ടെന്ന ആരോപണവും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ലോക്കറിലെ ആഭരണങ്ങള്‍ അപ്രത്യക്ഷമായത് മുന്‍ യജമാന ഭക്തി ചില ഉദ്യോഗസ്ഥര്‍ കാണിച്ചത് കൊണ്ടാണെന്നാണ് പുറത്ത് വന്ന വിവരം.

ഇന്റലിജന്‍സിലേക്ക് അടുത്തയിടെ ഇന്റേണല്‍ സെക്യൂരിറ്റിയില്‍ നിന്നു കൊണ്ടുപോയ ഉദ്യോഗസ്ഥനെ മുന്‍നിര്‍ത്തി വിജിലന്‍സ് ഡയറക്ടറുടേത് ഉള്‍പ്പെടെയുള്ള ഫോണ്‍കോളുകള്‍ ചോര്‍ത്തിയെന്ന ആരോപണവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്‌.

സാധാരണ ഒരാളുടെ ഫോണ്‍ കോള്‍ ചോര്‍ത്തണമെങ്കില്‍ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി ആവശ്യമാണ്. അതും വ്യക്തമായ ക്രൈം രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ മാത്രം. എന്നാല്‍ ഇവിടെ സകല നിയമങ്ങളും ലംഘിച്ച് കടുത്ത നിയമലംഘനം ഉദ്യോഗസ്ഥ ചേരിപ്പോരിന്റെ ഭാഗമായി നടക്കുന്നതായാണ് ആക്ഷേപം ഉയരുന്നത്.

യു.ഡി.എഫ് സര്‍ക്കാരുമായി ഇടഞ്ഞുനിന്ന ജേക്കബ് തോമസിനെ പൂട്ടാന്‍ അന്ന് വിജിലന്‍സ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ ഒരു കോണ്‍ഫിഡന്‍ഷ്യല്‍ എന്‍ക്വയറിയും (രഹസ്യാന്വേഷണം) രണ്ട് ത്വരിതാന്വേഷണങ്ങളും നടത്തിയെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്താനായിരുന്നില്ല.

പരാതികളിലൊന്നും കഴമ്പില്ലെന്ന് കണ്ടെത്തി മൂന്ന് അന്വേഷണങ്ങളും അവസാനിപ്പിക്കാന്‍ വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതിനുശേഷമായിരുന്നു ധനകാര്യ വകുപ്പിനെ മുന്‍നിര്‍ത്തിയുള്ള പകപോക്കല്‍ അരങ്ങേറിയിരുന്നത്.

Top