തിരുവനന്തപുരം : കൊച്ചിയില്‍ യുവ നടിക്കുനേരെയുണ്ടായ ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
പൊലീസ് ഈ സംഭവം ഗൗരവമായാണ് കാണുന്നത്. സംസ്ഥാനത്ത് ഒരു ക്രമസമാധാന പ്രശ്നവുമില്ല. ക്രമസമാധാനം തകര്‍ന്നു എന്നു പറഞ്ഞ് ഉപവാസമിരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറ്റ് പല ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നടി ഭാവനയെ യാത്രയ്ക്കിടെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്.
വെള്ളിയാഴ്ച അര്‍ധരാത്രി ഷൂട്ടിങ്ങിന് ശേഷം തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് ഭാവനയ്ക്കെതിരെ ആക്രമണം നടന്നത്. അങ്കമാലിയില്‍വെച്ച് കാര്‍ തടഞ്ഞ ഒരു സംഘം കാറില്‍ അതിക്രമിച്ചു കയറുകയായിരുന്നു. കാറില്‍ അതിക്രമിച്ചു കയറിയവര്‍ അപകീര്‍ത്തികരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയതായും പരാതിയുണ്ട്. തുടര്‍ന്ന് ഭാവന കാക്കനാട്ടെ പ്രമുഖ സംവിധായകന്റെ വീട്ടിലെത്തി അഭയം പ്രാപിക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് മൊഴി രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കൊരട്ടി സ്വദേശി മാര്‍ട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.