ഫാക്ടിന്റെ ഭൂമി വില്‍പ്പനയിലെ തുക കമ്പനിയുടെ പുനരുദ്ധാരണത്തിന് വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി

pinaray vijayan

തിരുവനന്തപുരം : കിന്‍ഫ്രക്ക് ഭൂമി കൈമാറുന്നതിലൂടെ എഫ്.എ.സി.ടിക്ക് ലഭിക്കുന്ന തുക പൂര്‍ണ്ണമായി ആ വ്യവസായ സ്ഥാപനത്തിന്റെ ആധുനികവല്‍ക്കരണത്തിനും വിപുലീകരണത്തിനും ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

ഉപയോഗിക്കാതെ കിടക്കുന്ന ഫാക്ടിന്റെ ഭൂമിയാണ് പെട്രോളിയം വ്യവസായം സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വികസന സ്ഥാപനമായ കിന്‍ഫ്രക്ക് കൈമാറുന്നത്. രണ്ടു കമ്പനികളും ചര്‍ച്ച ചെയ്ത് വില നിര്‍ണയിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ധാരണാപത്രം ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ഇതുവഴി ലഭിക്കുന്ന തുക ഫാക്ടിന്റെ കട ബാധ്യതകള്‍ തീര്‍ക്കാനും നികുതി അടയ്ക്കാനും വിനിയോഗിക്കാനാണ് വളംരാസവസ്തു മന്ത്രാലയം തീരുമാനിച്ചതെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിനും ബാങ്കിനുമുളള ബാധ്യത തീര്‍ത്താല്‍ ഫാക്ടിന്റെ പുനരുദ്ധാരണത്തിന് പണമുണ്ടാകില്ല. ഫാക്ടിന്റെ പുനരുദ്ധാരണ പദ്ധതി നേരത്തെ തന്നെ വളം രാസവസ്തു മന്ത്രാലയത്തിന്റെ പരിഗണനയിലുളളതാണ്. ഫാക്ടിന്റെ വികസന സാധ്യതയും തൊഴിലാളികളുടെ താല്‍പര്യവും കണക്കിലെടുത്ത് ഭൂമി വില്‍പ്പനയിലെ തുക പൂര്‍ണമായും കമ്പനിയുടെ പുനരുദ്ധാരണത്തിന് വിനിയോഗിക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണം.

കേന്ദ്ര സര്‍ക്കാരിനുളള കടം എഴുതിത്തളളുകയോ ആ തുക ഫാക്ടിലെ ഓഹരിയായി മാറ്റുകയോ ചെയ്യണമെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Top