മൂന്നാര്‍ കയ്യേറ്റം; വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യു വകുപ്പിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

Pinaray vijayan

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി റവന്യു വകുപ്പിന് നിര്‍ദേശം നല്‍കി. മെയ് 7ന് ചേരുന്ന സര്‍വ്വകക്ഷിയോഗത്തിന് മുന്‍പേ റിപ്പോര്‍ട്ട് നല്‍കാനാണ് റവന്യു സെക്രട്ടറിക്കുളള നിര്‍ദേശം.

മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ തലത്തിലും മുന്നണിക്കുളളിലും തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിനിടെയാണ് മൂന്നാറിലെ ഭൂവിനിയോഗം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യു വകുപ്പിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഭൂമിയുടെ ഉടമസ്ഥാവകാശം,കയ്യേറ്റത്തിന്റെ സ്വഭാവം,കയ്യേറ്റ ഭൂമിയിലെ നിര്‍മ്മാണം, എന്നിങ്ങനെയുളള വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകണം.ചെറുകിട-വന്‍കിട കയ്യേറ്റങ്ങള്‍ തരംതിരിച്ചായിരിക്കണം റിപ്പോര്‍ട്ട് നല്‍കേണ്ടതെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റവന്യു വകുപ്പ് നല്‍കുന്ന റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും സര്‍വ്വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി മുന്നോട്ട് വെക്കുക.റവന്യു മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് കയ്യേറ്റം സംബന്ധിച്ച സമഗ്രറിപ്പോര്‍ട്ട് ഇതിനകം തന്നെ റവന്യുവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

Top