തിരുവനന്തപുരം: ഗതാഗതമന്ത്രിയുടെ രാജിക്കിടയാക്കിയ സ്വകാര്യ ചാനലിന്റെ അശ്ലീല ഫോണ്‍ സംഭാഷണത്തില്‍ പഴുതടച്ച അന്വേഷണമാവും നടക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നത് സംബന്ധിച്ച എന്‍.സി.പി തീരുമാനത്തിന് അംഗീകാരം നല്‍കിയശേഷമാണ് എ.കെ. ശശീന്ദ്രന്റ രാജിക്ക് വഴിവെച്ച ചാനല്‍ വാര്‍ത്തയെയും ജുഡീഷ്യല്‍, പൊലീസ് അന്വേഷണം സംബന്ധിച്ച ചര്‍ച്ചകളിലേക്ക് എല്‍.ഡി.എഫ് നേതൃത്വം കടന്നത്.
ചാനല്‍ മാപ്പ് പറഞ്ഞ നിലക്ക് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ സാംഗത്യത്തെകുറിച്ച് അംഗങ്ങള്‍ സംശയംപ്രകടിപ്പിച്ചു. എന്നാല്‍, ചാനല്‍ സി.ഇ.ഒ മാപ്പ് പറഞ്ഞതില്‍ കാര്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ജുഡീഷ്യല്‍ അന്വേഷണം തുടരട്ടെ. അതുപോലെ പൊലീസ് അന്വേഷണവും പ്രധാനമാണ്. മാപ്പ് പറഞ്ഞതുകൊണ്ടുമാത്രം വിഷയം അവസാനിക്കുന്നില്ല. മുഴുവന്‍ വീടുകളിലും പൊതുസമൂഹത്തിന്റെ മുന്നിലും ഫോണ്‍ സംഭാഷണം എത്തിച്ചശേഷം മാപ്പ് പറഞ്ഞിട്ട് എന്ത് കാര്യമെന്ന് പിണറായി ചോദിച്ചു.
പ്രായപൂര്‍ത്തിയാകാത്തവര്‍ ഉണ്ടെങ്കില്‍ കാണരുതെന്ന് അറിയിച്ചിട്ടാണ് വാര്‍ത്ത സംപ്രേഷണം ചെയ്തത്. അതടക്കം അന്വേഷിക്കേണ്ടതാണ്. ശ്ലീലവും അശ്ലീലവും തമ്മില്‍ അതിര്‍വരമ്പുണ്ട്. മനുഷ്യരുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞ് നോട്ടമാണിത്. ജുഡീഷ്യല്‍, പൊലീസ് അന്വേഷണങ്ങളില്‍ വൈരുധ്യമില്ല. ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.